സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം.

സംസ്ഥാനത്തെ ചില പാസഞ്ചർ ട്രെയിനുകളും നിലവിലുള്ള പ്രധാന സ്റ്റോപ്പുകൾ എടുത്തുകളഞ്ഞേക്കും. മുംബൈ ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ മറവിലാണ് റെയിൽവേ ബോർഡ് നീക്കം. എന്നാൽ സ്വകാര്യ ട്രെയിൻ സർവീസുകൾക്ക് ലാഭകരമായ റൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്‌‌ ആക്ഷേപമുണ്ട്‌.

50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കാനും ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിലുള്ള സ്റ്റോപ്പ് എടുത്തുകളയാനുമാണ് നീക്കം. രാജ്യത്ത് 28 റൂട്ടുകളിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറുന്നത്‌.

ഇതിൽ തിരുവനന്തപുരം -എറണാകുളം റൂട്ടും ഉൾപ്പെടും. സ്വകാര്യ ട്രെയിൻ ഓടുന്ന റൂട്ടിൽ ഒരു മണിക്കൂർ മുമ്പും പിമ്പും മറ്റു സർവീസുകൾ നടത്തരുതെന്ന് നിബന്ധനയുണ്ട്. ഇ‌തോടെ നിലവിലുള്ള പല ട്രെയിനും പിൻവലിക്കേണ്ടി വരും.

ഇപ്പോഴത്തെ സർവീസ് പുനഃക്രമീകരണം ഇതിനു വേണ്ടിയാണെന്നാണ് ആക്ഷേപം. തൽക്കാൽ നിരക്കിനേക്കാൾ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിർന്ന പൗരന്മാർക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉൾപ്പെടെ യാത്രാസൗജന്യങ്ങളും ലഭിക്കില്ല.

കേരളത്തിൽ 31 സ്‌റ്റോപ്പ്‌ ഇല്ലാതാകും
കേരളത്തിലോടുന്ന ദീർഘദൂര ട്രെയിനുകളുടെ 31 സ്റ്റോപ്പുകൾ റദ്ദാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒറ്റപ്പാലം, തിരൂർ, അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പാണ് നിർത്തലാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനസാന്ദ്രതയും ട്രെയിൻ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

ജയന്തി ജനത പുണെ വരെയാക്കാനും തിരുവനന്തരം – സിൽചർ അരോണ എക്സ്പ്രസ് കോയമ്പത്തൂർ വരെയാക്കി വെട്ടിച്ചുരുക്കാനും കൊല്ലം- എറണാകുളം മെമു ആലപ്പുഴ വരെയാക്കാനും നീക്കമുണ്ട്. കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അമൃത്സർ, ഡെറാഡൂൺ, ചണ്ഡിഗഡ് ട്രെയിനുകൾ എറണാകുളത്തു നിന്നാക്കാനും നീക്കമുണ്ട്‌.

യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ട്രെയിൻ സർവീസ് പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട പഠന റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്നുമാണ് റെയിൽവേ ബോർഡ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News