30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു : ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി

30 വയസ്സില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ടുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി. പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ മുപ്പത് വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദ്‌രോഗത്തിന് കാരണമാകുന്നതായി ശ്രീചിത്രയുടെ പഠനത്തില്‍ കണ്ടെത്തി.ശ്രീചിത്രയിൽ ഹൃദ്‌രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്.ഇവരില്‍ 92 ശതമാനവും പുരുഷന്മാരാണ്.

30 വയസ്സിന് താഴെയുള്ള ഹൃദ്‌രോഗികളില്‍ 64 ശതമാനവും പുകവലിക്കുന്നവരായിരുന്നു.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നവര്‍ 88 ശതമാനമാണ്.

മദ്യപാന ശീലം 21 ശതമാനം പേര്‍ക്കുണ്ടായിരുന്നു.

82 ശതമാനം പേര്‍ക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

നാല് ശതമാനം പേര്‍ക്ക് മാത്രമേ പ്രമേഹം ഉണ്ടായിരുന്നുള്ളൂ.

ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായംകുറഞ്ഞ രോഗി 15 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നു. പാരമ്പര്യമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഈ കുട്ടി. നെഞ്ചുവേദനയോടെയാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

34 ശതമാനം പേരും ആദ്യം രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി ആന്‍ജിയോഗ്രാം ചെയ്തതിന് ശേഷവും പുകവലി തുടർന്നതായും ശ്രീചിത്രയുടെ പഠനത്തിൽ പറയുന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവര്‍ 17 ശതമാനമാണ്. പകുതിയല്‍ അധികം പേരും വ്യായാമം ശീലമാക്കിയില്ലെന്നും 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ദീര്‍ഘകാല തുടര്‍ചികിത്സയില്‍ ബോദ്ധ്യമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

the young man has heart pains

41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല
ഇവരില്‍ 41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ലെന്നും പഠന ഫലത്തിൽ പറയുന്നു. മരുന്ന് കഴിക്കാതിരുന്നതിനുള്ള കാരണമായി കൂടുതല്‍ പേരും പറഞ്ഞത് ലക്ഷണങ്ങളുടെ അഭാവമാണ്. മരുന്നുകള്‍ ഉപയോഗിച്ച് രോഗം നിയന്ത്രിച്ച് നിര്‍ത്തിയിരുന്നവരില്‍ പകുതിയും മരുന്നുകള്‍ ഉപേക്ഷിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരായവരില്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നവര്‍ മൂന്നിലൊന്നില്‍ താഴെയായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

30 വയസ്സില്‍ താഴെ ഹൃദ്‌രോഗ ബാധിതരാകുന്നവരില്‍ 30 ശതമാനം 10 വര്‍ഷത്തിലും 48 ശതമാനം 20 വര്‍ഷത്തിലും മരണത്തിന് കീഴടങ്ങുന്നുവെന്നത് ആശങ്കാജനകമായ വസ്തുതയാണ്. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തിന് ശരിയായ ചികിത്സ തേടാത്തതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും 30 വയസ്സില്‍ താഴെയുള്ള ഹൃദ്‌രോഗികളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ യുവാക്കള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here