രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ കോൺഗ്രസ് സര്‍ക്കാർ

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാർ. ക്ഷേത്ര നിര്‍മാണത്തിനുള്ള പിങ്ക് കല്ലുകളുടെ ഖനനാനുമതിക്ക് കേന്ദ്രത്തെ സമീപിക്കും.

കല്ലുകൾ ലഭിക്കാതായതോടെ വിഎച്ച്പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് സർക്കാർ നീക്കം. ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലാണ് പിങ്ക് കല്ലുകളുളളത്.

1989 തൊട്ട് രാമക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ പിങ്ക് കല്ലുകൾ രാജസ്ഥാനിലെ ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ വന്യജീവി സങ്കേതത്തിലെ ബാന്‍സി പഹര്‍പൂര്‍ ബ്ലോക്കിലെ സവിശേഷ കല്ലുകളുടെ ലഭ്യത ഇപ്പോൾ കുറഞ്ഞു. പരിസ്ഥിതി ആഘാതം പരിഗണിച്ച് 2016ൽ ഖനനം നിരോധിച്ചു.

പക്ഷെ ക്ഷേത്ര നിർമാണത്തിന് കരിഞ്ചന്തയില്‍ നിന്ന് കല്ലുകൾ വാങ്ങിക്കൊണ്ടിരുന്നു. എന്നാൽ
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ഭരത്പൂര്‍ ജില്ലാ ഭരണകൂടം അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലോഡ് കല്ലുകൾ പിടികൂടിയതോടെ കരിഞ്ചന്തയിലും സാധനം ലഭിക്കാതെയായി.
ഇതോടെ ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന വിശ്വഹിന്ദുപരിഷത്ത് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി.

കല്ലുകൾ ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. തൊട്ട് പിന്നാലെയാണ് രാഷ്ട്രീയ തിരിച്ചടി ഭയന്നുള്ള സർക്കാർ നീക്കം. ഖനനാനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സർക്കാർ തീരുമാനമെടുത്തു. ഇതിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകാൻ ഖനി വകുപ്പ് ജോയിന്റ് സെക്രട്ടറി വകുപ്പ് ഡയറക്ടർക്ക് ഒക്ടോബർ 23ന് നിർദേശം നൽകി.

അടിയന്തര പ്രാധാന്യത്തോടെയാകണം അപേക്ഷ നല്കേണ്ടതെന്ന് പ്രത്യേകം പറയുന്നു. ഒരു ലക്ഷം ക്യൂബിക് അടിയിലേറെ പിങ്ക് കല്ലുകൾ ഇതുവരെ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്. 4 ലക്ഷം ക്യൂബിക് അടിയോളം കല്ലുകൾ ആവശ്യമായി വരുമെന്നാണ് കണക്ക്കൂട്ടൽ.

ഖനനാനുമതി പുനഃസ്ഥാപിക്കുന്നത് പ്രത്യേക ആവശ്യത്തിന് വേണ്ടി മാത്രമല്ല എന്നാണ് ഭരത്പൂർ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ കേന്ദ്രാനുമതി ലഭിച്ചാല്‍ ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമായി ഖനനം ചെയ്യാനാകും അനുമതി നല്‍കുകയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here