കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് ജനങ്ങളോട് കൃത്യമായി തുറന്നുപറയണം; തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണെന്നും എ വിജയരാഘവന്‍

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.

ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ലീഗ് ഈ നിലപാടില്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് പറയാനുള്ളത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് ജനങ്ങളോട് കൃത്യമായി തുറന്നുപറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനു കീഴ്‌പ്പെട്ടതാണു തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടി നല്‍കിയത്. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമാണ്. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്തു മനസ്സിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യുഡിഎഫ് സന്ധി ചെയ്തത്. എന്നിട്ട് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും വിജയരാഘവന്‍ പറഞ്ഞു.

മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ ആപത്തിനെക്കുറിച്ചാണ് ഇടതുമുന്നണി സൂചന നല്‍കിയത്. ലീഗാണ് ആദ്യം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്. യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിക്കുന്നത് പോലെയായിപ്പോയി ഈ നീക്കം.

ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് സഹായകമാകുന്നത് ഈ രീതിയിലാണ്. ബിജെപിക്ക് എതിരായ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വര്‍ഗീയ കൂട്ടുകെട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ സമൂഹത്തെ വര്‍ഗീയവത്ക്കരിക്കുന്ന നിലപാട് സ്വീകരിച്ചവരെ ജനങ്ങള്‍ അംഗീകരിച്ചില്ല. സര്‍ക്കാരിനെതിരായ വ്യാജ പ്രചരണങ്ങള്‍ നടത്തിയവരെ ജനങ്ങള്‍ തോല്‍പ്പിച്ചു.

പാര്‍ലമെന്റിലേക്ക് ജയിച്ചുപോയവര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍ തന്നെ വിമര്‍ശിച്ചിരിക്കുന്നു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതില്‍ അസത്യ പ്രചാരണം നടത്തിയിട്ടും അതിനെ അതിജീവിച്ച ജനകീയ അംഗീകാരമാണു തിരഞ്ഞെടുപ്പിലുണ്ടായത് – വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News