
അമേരിക്കൻ സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സീറ്റിലേക്കും ചൊവ്വാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അട്ടിമറിനേട്ടം.
റിപ്പബ്ലിക്കന്മാരുടെ കുത്തക സീറ്റുകളായിരുന്നു രണ്ടും. ഒന്നിൽ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കറുത്തവംശക്കാരനായ പാസ്‌റ്റർ റവ. റാഫേൽ വാർനോക് വിജയം ഉറപ്പിച്ചു. രണ്ടാമത്തേതിൽ മാധ്യമ പ്രവർത്തകനായ ജോൺ ഒസോഫ് 17000ൽപ്പരം വോട്ടിന്റെ ലീഡോടെ വിജയത്തിലേക്കെന്നാണ് സൂചന.
ഈ സീറ്റും പിടിച്ചാൽ 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യ ശക്തികളാകും. വൈസ് പ്രസിഡന്റാകുന്ന കമല ഹാരിസിന്റെ കാസ്‌റ്റിങ് വോട്ടൊടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക സന്ദർഭങ്ങളിൽ ഭരണം മുന്നോട്ട് കൊണ്ടുപോകാനാകും.
സെനറ്റ് സീറ്റുകളിൽ 98 ശതമാനം വീതം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ രണ്ടിടത്തുംകൂടി ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് 70000ന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മാർടിൻ ലൂഥർ കിങ് ജൂനിയർ പ്രഭാഷണം നടത്തിയിരുന്ന അറ്റ്‌ലാന്റയിലെ എബനേസർ ബാപ്റ്റിസ്‌റ്റ് ചർച്ചിലെ പുരോഹിതനായ റാഫേൽ വാർനോക് സംസ്ഥാനത്തുനിന്ന് യുഎസ് സെനറ്റിലെത്തുന്ന ആദ്യ കറുത്തവംശക്കാരനാണ്.
20 വർഷത്തിനിടെ ഇവിടെനിന്ന് ആദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി സെനറ്റിലേക്ക് വിജയിക്കുന്നത്. വ്യവസായ സംരംഭകയായ കെല്ലി ലോഫ്ലറിനെയാണ് തോൽപ്പിച്ചത്.
സെനറ്ററായിരുന്ന ജോണി ഐസക്‌സൺ അനാരോഗ്യത്താൽ രാജിവച്ച ഒഴിവിൽ 2019 ഡിസംബറിൽ ഗവർണർ ബ്രയാൻ കെംപാണ് ഇവരെ സെനറ്റംഗമായി നിയമിച്ചത്. അതിനാൽ ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പായിരുന്നു. ആറ് വർഷ കാലാവധി പൂർത്തിയായതിനാൽ പതിവ് തെരഞ്ഞെടുപ്പ് നടന്ന രണ്ടാമത്തെ സീറ്റിൽ ജോൺ ഒസോഫ് വിജയിച്ചാൽ സെനറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാകും. 33 വയസ്സുള്ള അദ്ദേഹം ഞായറാഴ്‌ചവരെ സെനറ്ററായിരുന്ന ഡേവിഡ് പർഡ്യൂവിനെയാണ് നേരിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here