ആകാശവാണി അടച്ചുപൂട്ടരുത്; കേന്ദ്രമന്ത്രിക്ക് കെകെ രാഗേഷ് എംപിയുടെ കത്ത്

ആകാശ വാണി കണ്ണൂർ റേഡിയോ നിലയത്തെ കേവലം തിരുവനന്തപുരം നിലയത്തിന്റെ റിലേ സ്റ്റേഷനാക്കാനും അടച്ചുപൂട്ടാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ രാഗേഷ് എം പി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പ്രസാർ ഭാരതി പ്രഖ്യാപിച്ച ഓൾ ഇന്ത്യ റേഡിയോ റീബ്രാൻഡിങ് പദ്ധതിയുടെ മറവിലാണ് ഈ നീക്കം.
നിലവിൽ പ്രതിദിനം 16 മണിക്കൂർ വരെ വിവിധങ്ങളായ വിനോദ വിജ്‍ഞാന പരിപാടികൾ കണ്ണൂർ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്നാൽ ഈ തരം താഴ്ത്തൽ നീക്കം പ്രാവർത്തികമായാൽ ജനുവരി 26 മുതൽ കണ്ണൂർ നിലയം പരിപാടികളുടെ നിർമ്മാണം നിലച്ചു ‘റേഡിയോ നിലയം’ എന്ന നിലയിൽനിന്ന് കേവലം പുനഃസംപ്രേഷണകേന്ദ്രമായി തരം താഴ്ത്തപ്പെടുമെന്നും കത്തില്‍ പറയുന്നു.

പ്രസാർ ഭാരതി 2020 നവംബർ 18 ന് ഇറക്കിയ റീബ്രാന്ഡിങ് പദ്ധതി പ്രകാരം ആകാശ വാണിയുടെ 36 പ്രാദേശിക റേഡിയോ നിലയങ്ങളാണ് ഇത്തരത്തിൽ തരം താഴ്ത്തുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ഈ തരംതാഴ്ത്തൽ പദ്ധതി പ്രകാരം ഏതാനും നിമിഷങ്ങൾ മാത്രമുള്ള നാമമാത്രമായ പരിപാടികൾ മാത്രമാകും ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള കണ്ണൂർ റേഡിയോ നിലയത്തിന് ജനുവരി 26 നു ശേഷം സ്വന്തമായി നിർമ്മിക്കാനും സംപ്രേഷണം ചെയ്യാനും കഴിയുക!

സാമൂഹ്യ മാധ്യമങ്ങളുടെ പ്രളയത്തിലും ആകർഷകമായ പരിപാടികളുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള കണ്ണൂർ സ്റ്റേഷൻ ഇത്തരത്തിൽ തരം താഴ്ത്തുന്നതും ഫലത്തിൽ അടച്ചുപൂട്ടുന്നതും പ്രതിഷേധാർഹമാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് അയച്ച കത്തില്‍ കെകെ രാഗേഷ് എംപി പറഞ്ഞു.

No photo description available.

വടക്കൻ കേരളത്തിനെ തനതായ കലാരൂപങ്ങളും പൊതു പ്രശ്നങ്ങളും കാർഷിക വിഷയങ്ങളും ആകർഷകമായ പരിപാടികളിലൂടെ അവതരിപ്പിക്കുന്നതടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെകഴിവുകൾ പ്രേകഷകരിലെത്തിക്കാൻ ഇന്ന് ആകാശ വാണി കണ്ണൂർ നിലയത്തിനു കഴിയുന്നുണ്ട്. .
കണ്ണൂർ നിലയമടക്കമുള്ള 36 പ്രാദേശികനിലയങ്ങൾ അതതു പ്രദേശങ്ങളുടെ കലാ -സാഹിത്യ-സാമൂഹ്യ-കാർഷിക പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ജനങൾക്ക് പ്രദാനം ചെയ്യുന്നതിലൂടെ, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്.

അതുകൊണ്ടു തന്നെ ഈ പ്രാദേശിക നിലയങ്ങൾ റിലേ സ്റ്റേഷനുകളായി തരംതാഴ്ത്തി അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനോടുള്ള അവഹേളനമാണ്. ആകാശവാണിയുടെ പ്രാദേശികനിലയങ്ങൾ റിലേ സ്റ്റേഷനുകളായി തരം താഴ്ത്തുകയോ, അടച്ചുപൂട്ടുകയോ ചെയ്യുകയില്ലെന്ന കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ പ്രഖ്യാപനത്തിനു കടക വിരുദ്ധമായാണ് കണ്ണൂർ നിലയത്തെ തരം താഴ്ത്താനും ഫലത്തിൽ അടച്ചുപൂട്ടുവാനുമുള്ള ഈ നീക്കം.

ആയതിനാൽ ആകാശവാണി കണ്ണൂർ നിലയത്തെ തരം താഴ്ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കെ കെ രാഗേഷ് എം പി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർക്കയച്ച കത്തിൽ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News