ദില്ലിയിലെ കര്‍ഷകരെ പിന്തുണച്ച ഗ്രേറ്റ തന്‍ബര്‍ഗിനെതിരേ കേസെടുത്ത് ദില്ലി പൊലീസ്

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അനുകൂലിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിനെതിരേ കേസെടുത്ത് ദില്ലി പൊലീസ്.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രേറ്റ ട്വീറ്റ് ചെയ്തത്.

ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഗ്രേറ്റ  നിര്‍ദേശിക്കുന്നു.

കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും അവര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൂടാതെ വ്യാഴാഴ്ചയും ഗ്രേറ്റ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here