ഇ ഡി ക്ക് തിരിച്ചടി; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയില്ല

ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളെ ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഹർജിക്കൊപ്പം രഹസ്യമൊഴിയും വാട്സ് ആപ് സന്ദേശങ്ങളുടെ പകർപ്പും ഹാജരാക്കിയ ഇ ഡി യുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഉദ്യോഗസ്ഥർക്കെതിരായ ക്രൈം ബ്രാഞ്ചിൻ്റെ എഫ്ഐആർ റദ്ദാക്കണം, അന്വേഷണം സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളായിരുന്നു ഇ ഡി ക്കുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.

എഫ്ഐആർ റദ്ദാക്കണം, സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നീ ആവശ്യങ്ങളിൽ കോടതി പിന്നീട് വിശദമായ വാദം കേൾക്കും. വാദം കേൾക്കണമെന്ന സർക്കാർ നിലപാട് കൂടി പരിഗണിച്ച കോടതി ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റി.

വാദത്തിനിടെ ഇ ഡിക്ക് കോടതിയിൽനിന്ന് കടുത്ത വിമർശനം കേൾക്കേണ്ടി വന്നു. രഹസ്യമൊഴി യു കേസ് ഡയറിയും വാട്സ്ആപ്പ് ആപ്പ് ചാറ്റ് സംബന്ധിച്ച രേഖകളും ഹരജിക്കൊപ്പം ഹാജരാക്കിയ നടപടിയെ കോടതി വിമർശിച്ചു. തെളിവുകളായാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ അടക്കം കൈമാറിയത് എന്നായിരുന്നു സോളിസിറ്റർ ജനറലിൻ്റെ വാദം. എന്നാൽ ഈ നടപടി ഉചിതമായില്ലെന്ന് ജസ്റ്റിസ് വി ജി അരുൺ വിമർശിച്ചു.

ക്രൈംബ്രാഞ്ച് കേസ് നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ ക്രൈം ബ്രാഞ്ച് നടപടി നിയമപരമാണ് എന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകണമെന്ന് ഇ ഡി ഉദ്യോഗസ്ഥർ പ്രതികളോട് ആവശ്യപ്പെട്ടത് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ക്രൈംബ്രാഞ്ചിൻ്റെ കൈവശമുണ്ട്. ഇക്കാര്യം ചൊവ്വാഴ്ച കോടതിയെ അറിയിക്കും. കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേ പ്രതീക്ഷിച്ച ഇ ഡി ക്ക് കോടതിയിൽ നിന്ന് ലഭിച്ചത് കനത്ത തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News