ഇരട്ട വോട്ട് ആരോപിച്ചുള്ള ചെന്നിത്തലയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ടാരോപണത്തില്‍ ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി.സംസ്ഥാനത്ത് 4.34ലക്ഷം വ്യാജ, ഇരട്ട വോട്ടര്‍മാരുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ക്രമരഹിത വോട്ടര്‍മാരായി കണ്ടെത്തിയത് 38,586 പേര്‍മാത്രമെന്ന് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരട്ട് വോട്ട് തടയാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.

സംസ്ഥാനത്ത് 3ലക്ഷത്തി 24,441 ഇരട്ടവോട്ടര്‍മാരും 1ലക്ഷത്തി9,601 വ്യാജവോട്ടര്‍മാരും ഉള്‍പ്പടെ 4.34 ലക്ഷം ക്രമരഹിതവോട്ടര്‍മാരുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

എന്നാല്‍ ചെന്നിത്തലയുടെ ആരോപണം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 38,586 ക്രമരഹിത വോട്ടര്‍മാര്‍മാത്രമാണുള്ളതെന്ന് ഹൈക്കോടതിയെ അറിയിച്ചു.

ഇരട്ട വോട്ടുള്ളവര്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇരട്ട വോട്ടുള്ളവര്‍ക്കും ഒരു വോട്ടിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഒരു പൗരന്‍ ഒരു വോട്ട് മാത്രമെ ചെയ്യൂവെന്ന് ഉറപ്പാക്കാന്‍ കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

ഇതെത്തുടര്‍ന്നാണ് ഇരട്ട വോട്ട് തടയാനുള്ള നടപടികളെക്കുറിച്ച് കമ്മീഷന്‍ വിശദീകരിച്ചത്.ഇരട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ കണ്ടെത്തിയവരുടെ പ്രത്യേകം പട്ടിക തയ്യാറാക്കും.വോട്ടര്‍ പട്ടികയ്ക്കൊപ്പം ഈ പട്ടികയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.ഇരട്ടവോട്ടുള്ളവരുടെ ഐഡന്‍റിറ്റി ബൂത്തില്‍ വിശദമായി പരിശോധിക്കും.

ഇരട്ടവോട്ടുള്ള വ്യക്തി താന്‍ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്ന് ബൂത്തില്‍വെച്ച് സത്യവാങ്മൂലം നല്‍കണം.ഇവരുടെ ഫോട്ടൊ ബൂത്തില്‍വെച്ച് എടുക്കും.

വിരലില്‍ പുരട്ടിയ മഷി ഉണങ്ങിയ ശേഷമെ ഇവരെ ബൂത്ത് വിടാന്‍ അനുവദിക്കൂയെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel