
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ജലീല്‍ രാജിക്കത്ത് നല്‍കി.
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്. ബന്ധുവായ കെ ടി അദീബിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ജലീല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലോകായുക്ത നിയമം അനുസരിച്ചുള്ള അന്വേഷണം നടത്താതെ നല്‍കിയ റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ലോകായുക്തയില്‍ ലഭിക്കുന്ന പരാതിയില്‍ ഉചിതമായ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. പരാതി നിലനില്‍ക്കുമോ എന്നു മാത്രമാണ് ലോകായുക്ത പരിശോധിച്ചത്.
നിയമാനുസൃതമായ അന്വേഷണം ആവശ്യമാണ്. സമാന പരാതി നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ചിരുന്നു. പിന്നോക്കവിഭാഗ വികസന ഫിനാന്‍സ് കോര്‍പറേഷനിലെ നിയമനങ്ങള്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല.
നിയമനത്തിന് പ്രത്യേക ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ ചട്ടലംഘനം ഉണ്ടായതായി പറയാനാവില്ലെന്ന് അഡ്വ. പി സി ശശിധരന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടിയും ഹര്‍ജിക്കാരനെതിരായ പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാണ് ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here