‘ചില പ്രത്യേക കാറ്റഗറിയില്‍ പെട്ടവര്‍ക്കേ മരണത്തിലും സന്തോഷിക്കാൻ കഴിയൂ’ബിജെപിക്കെതിരെ ഒമര്‍ അബ്ദുള്ള

സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇത്രയും നിലവാരം കുറഞ്ഞ രീതിയില്‍ പെരുമാറാന്‍ ബി.ജെ.പിക്കാര്‍ക്കേ കഴിയുള്ളുവെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

‘ചില പ്രത്യേക _____________ കാറ്റഗറിയില്‍ പെട്ടവര്‍ക്കേ ഒരാളുടെ മകന്‍ മരിച്ചു കിടക്കുമ്പോഴും ഇങ്ങനെ സന്തോഷിക്കാന്‍ കഴിയൂ. ഒരു പാമ്പിന് പോലും ഇഴഞ്ഞു കടന്നു പോകാന്‍ പറ്റാത്ത തരത്തില്‍ നിലവാര തകര്‍ച്ചയുടെ ബാര്‍ താഴ്ത്താന്‍ ബി.ജെ.പിക്കാര്‍ക്ക് കഴിയുമെന്ന് നമുക്ക് ഉറപ്പിക്കാം,’ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ബീഹാര്‍ ബി.ജെ.പി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മിഥിലേഷ് കുമാര്‍ തിവാരിയാണ് യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയത്.

ചൈനീസ് സപ്പോര്‍ട്ടറായ സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് കൊറോണ വന്ന് മരിച്ചുവെന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മിഥിലേഷ് കുമാര്‍ തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 35 വയസ്സായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here