ബെല്‍ ഓഫ് ഫെയ്ത്ത്; പ്രായമായവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ അലാറം മുഴക്കിയാല്‍ സഹായമെത്തുന്ന പദ്ധതിയുമായി കോഴിക്കോട് റൂറല്‍ പോലീസ്

പ്രായമായവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ അലാറം മുഴക്കിയാല്‍ സഹായമെത്തുന്ന പദ്ധതിയുമായി കോഴിക്കോട് റൂറല്‍ പോലീസ്. ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്കായുള്ള ഉപകരണങ്ങള്‍ പൊലീസ്, വീടുകളില്‍ സ്ഥാപിച്ചു തുടങ്ങി. തനിച്ച് താമസിക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ അവരുടെ കൈയ്യിലെ റിമോട്ട് അമര്‍ത്തി സൈറണ്‍ മുഴക്കി സമീപവാസികളെ അറിയിക്കുന്നതാണ് ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം

പ്രായമായവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ സുരക്ഷിതത്വത്തിന്റെ അലാറം മുഴക്കുകയാണ് കോഴിക്കോട് റൂറല്‍ പൊലീസ്. തനിച്ച് കഴിയുന്ന വയോജനങ്ങള്‍ക്ക് കരുതലും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ബെല്‍ ഓഫ് ഫെയ്ത്ത് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

റൂറല്‍ പരിധിയിലെ നാനൂറോളം വീടുകളിലാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന അലാറം സ്ഥാപിക്കുന്നത്. വീടുകളില്‍ അക്രമം, കവര്‍ച്ച, അസുഖം എന്നീ അടിയന്തര ഘട്ടങ്ങളില്‍ റിമോട്ട് അമര്‍ത്തിയാല്‍ അലാറം മുഴങ്ങും.

ഏതാണ്ട് 200 മീറ്റര്‍ അകലെ വരെ ശബ്ദം കേള്‍ക്കാം. ഓഫ് ചെയ്യുന്നത് വരെ അലാറം മുഴങ്ങും. വലിയ ശബ്ദം ഉണ്ടാവുമെന്നതിനാല്‍ അയല്‍വാസികള്‍ക്ക് ഉടനെത്തി വീട്ടുകാരെ സഹായിക്കാന്‍ കഴിയും.

ഇവ സ്ഥാപിക്കുന്ന വീടുകളിലും അയല്‍ വീടുകളിലും പോലീസ് ബോധവത്ക്കരണം നടത്തുന്നുണ്ട്. അലാറം കേട്ടാല്‍ അടിയന്തരമായി ഇടപെടാനും ഉടന്‍ പോലീസില്‍ അറിയിക്കാനുമാണ് നിര്‍ദ്ദേശം. പദ്ധതിയുടെ ഉദ്ഘാടനം റൂറല്‍ എസ്.പി ഡോ.എ. ശ്രീനിവാസ് നിര്‍വഹിച്ചു.

ജനമൈത്രി പോലീസ് സംവിധാനത്തിലൂടെ സര്‍വ്വെ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പ്രായമായ ദമ്പതികള്‍ താമസിക്കുന്ന 700 ഓളം വീടുകള്‍ കോഴിക്കോട് റൂറല്‍ പരിധിയിലുണ്ട്. ഇതില്‍ കൂടുതല്‍ കരുതല്‍ ആവശ്യമായ 400 വീടുകളിലാണ് പദ്ധതി നടപ്പാക്കുക.

പൊലീസിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക കണ്ടെത്തി. അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനാണ് അലാറം സ്ഥാപിക്കാനുള്ള ചുമതല. വീട്ടിലെ ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്ക് കരുതലും ആത്മവിശ്വാസവും നല്‍കുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News