കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തുമെത്തിച്ച് കസ്റ്റംസ് തെളിവെടുത്തു

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിയെ കണ്ണൂർ അഴീക്കോടുള്ള വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തുമെത്തിച്ച് കസ്റ്റംസ് തെളിവെടുത്തു. കേസിൽ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന അർജ്ജുന്‍റെ ഫോണിനായി വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അർജ്ജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ്  നോട്ടീസ് നൽകി.

രാവിലെ എട്ടരയോടെയാണ് കൊച്ചിയിൽ നിന്നും അർജ്ജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചത്. കാർ ഒളിപ്പിച്ച അഴീക്കൽ ഉരു നിർമ്മാണ ശാലയ്ക്ക് സമീപമുള്ള സ്ഥലത്തായിരുന്നു ആദ്യം തെളിവെടുപ്പ്. ഇതിനോട് ചേർന്ന പുഴയുടെ തീരത്തേക്കാണ് പിന്നീട് കൊണ്ടുപോയത്. ഇവിടെയാണ് ഫോൺ നഷ്ടപ്പെട്ടതായി അർജ്ജുൻ മൊഴി നൽകിയിരുന്നത്.

കാറിന്‍റെ ദൃശ്യങ്ങൾ എടുക്കാൻ മാധ്യമപ്രവർത്തകർ എത്തിയപ്പോൾ ഇരുടെ കണ്ണിൽ പെടാതെ രക്ഷപ്പെടുന്നതിനിടെ ഫോൺ പുഴയിൽ നഷ്ടപ്പെട്ടു എന്നായിരുന്നു അർജ്ജുൻ്റെ മൊഴി. മുട്ടിന് താഴെ മാത്രം ജലനിരപ്പുള്ള ഇവിടെ ഫോൺ എങ്ങനെ നഷ്ടപ്പെടുമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് അർജ്ജുന് വ്യക്തമായ മറുപടി നൽകാനായില്ല. തുടർന്നാണ് കപ്പക്കടവിലുള്ള വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്.

അർജ്ജുനെ വീടിന് പുറത്ത് കാറിലിരുത്തി ഉദ്യോഗസ്ഥർ മാത്രമാണ് വീടിനകത്ത് പ്രവേശിച്ചത്. എ ടി എം കാർഡും സ്വർണ്ണം വാങ്ങിയതിൻ്റെ ചില ബില്ലുകളും ഇവിടെ നിന്നും കണ്ടെടുത്തു.റെയ്ഡ് രണ്ട് മണിക്കൂർ നീണ്ടു.തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കസ്റ്റംസ് സംഘം അർജ്ജുനേയും കൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.അർജ്ജുന്‍റെ ഭാര്യ അമലയ്ക്ക് തിങ്കളാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിൽ മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News