ഇത് കണ്ണില്ലാത്ത കൊടുംക്രൂരത; കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധര്‍

കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കടന്നുകളയുന്ന സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരതയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം. കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ പതിനഞ്ചിലധികം മിണ്ടാപ്രാണികളാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല.

കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. തങ്ങളുടെ കന്നുകാലികളെ ആസിഡ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉറക്കമിളച്ച് കാവലിരിക്കുകയാണിവര്‍. കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ പതിനഞ്ചിലധികം കന്നുകാലികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

സാമൂഹ്യവിരുദ്ധര്‍ ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുരീക്കാട്ടില്‍ വര്‍ക്കി കുര്യന്‍, പാറക്കല്‍ ഷൈജന്‍ തങ്കപ്പന്‍, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിങ്ങനെ പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്ക് ഏറ്റ പൊളളല്‍ ഗുരുതരമാണ്. മിണ്ടാപ്രാണികളോട് കൊടുംക്രൂരത ചെയ്യുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക്ഷീരകര്‍ഷകനായ ഷൈജന്‍ തങ്കപ്പന്‍ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കന്നുകാലികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. വലിയ ആഴത്തില്‍ പൊളളലേല്‍ക്കാത്തതിനാല്‍ ജീവന്‍ നഷ്ടമായില്ലെങ്കിലും തീറ്റ എടുക്കാനാവാത്ത സാഹചര്യമുണ്ടെന്ന് ജില്ലാ വെറ്ററിനറി ലാബ് ഓഫീസര്‍ ഡോ. ഐശ്വര്യ രേണു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അടക്കം ജനപ്രതിനിധികള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പൊലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് പ്രതിനിധികള്‍, വന സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News