നയതന്ത്ര ബാഗേജ് വ‍ഴിയുള്ള സ്വര്‍ണ്ണക്കടത്ത്; 30 കിലോ സ്വര്‍ണം ഇ.ഡി കണ്ടുകെട്ടി

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.  പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്വര്‍ണ്ണക്കടത്തിനായി പണം നിക്ഷേപിച്ചവര്‍ക്ക് അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡി നോട്ടീസയച്ചു.

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇ ഡി നേരത്തെ  കണ്ട് കെട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കസ്റ്റംസ് പിടികൂടിയ 30.245 കിലോ സ്വര്‍ണ്ണവും ഇ ഡി കണ്ടുകെട്ടിയത്.

ഒന്നാം പ്രതി സരിത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് ഇ ഡി പുറത്തിറക്കിയ ഉത്തരവിൽ  വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേര്‍ക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി,അബ്ദുൾ ഹമീദ്,  ഷൈജൽ,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ക‍ഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിച്ച 15 കോടിയോളം വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡിയും കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. സ്വപ്ന,സരിത്ത്.സന്ദീപ്, എം.ശിവശങ്കര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here