ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം ഉളള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുളളവരാകട്ടെ ഏകദേശം 15-18 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു.
ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക് കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല.
സ്ക്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ, അതില്‍ സഹതപിക്കുവാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വത:സിദ്ധമായ ഉള്‍വലിയല്‍ മൂലം ആഗ്രഹമുണ്ടെങ്കില്‍പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്കു കഴിയില്ല. ഇതുകൊണ്ടു തന്നെ ലൈംഗികവികാരങ്ങള്‍ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്. ഓട്ടിസക്കാര്‍ വളരെ അപൂര്‍വ്വമായേ വിവാഹം കഴിക്കാറുള്ളൂ.
സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്…
ഓട്ടിസത്തിന്‍റെ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതു തന്നെ വൈകിയായിരിക്കും. വളരെ മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍മട്ടിലാണ് ഇവര്‍ സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്.
മറ്റുള്ളവര്‍ എന്താണ് ഇവരോടു പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കില്ല. വാക്കുകളോ വാചകങ്ങളോ തന്നെ ഇവര്‍ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. അതേസമയം ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ലെക്സിയ’ എന്നാണ് ഇതിനെ പറയുന്നത്.
ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ദൈനംദിന കാര്യങ്ങള്‍ ഒരേ മാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം.
ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ളേറ്റ്, ഇരിക്കുവാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും, പുതിയ സ്ഥലത്തേക്ക് താമസം മാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍ പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല.
വട്ടം കറങ്ങല്‍, ഊഞ്ഞാലാടല്‍, പാട്ട്, വാച്ചിന്‍റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തില്‍ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളില്‍ മൂന്നില്‍രണ്ടു ഭാഗത്തിന് ബുദ്ധിവളര്‍ച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.
കാരണങ്ങള്‍
ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുളള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല തലച്ചോറിന്‍റെ പരിശോധനകളായ സി.ടി.സ്കാന്‍, എം.ആര്‍.ഐ, ഇ.ഇ.ജി എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്‍റെ അളവ് കൂടുതലാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്.
ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. ഓട്ടിസ്റ്റിക് രോഗിയുടെ സഹോദരീ സഹോദരന്മാര്‍ക്കും നേരിയ തോതിലുള്ള ഭാഷാവൈകല്യങ്ങളും ബുദ്ധിവളര്‍ച്ചയിലും ചിന്താശക്തിയിലും വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്.
കുട്ടികളെ വളര്‍ത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്‍റെ തീവ്രത കൂട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here