മഹാരാജാസ് കോളേജിലെ മരംമുറി: ഗുരുതര ആരോപണവുമായി അധ്യാപകര്‍

മഹാരാജാസ് കോളേജില്‍  കൊവിഡിന്‍റെ മറവിലും അവധി ദിവസങ്ങളിലും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി അധ്യാപകര്‍.  സംഭവത്തില്‍ പ്രിന്‍സിപ്പളിന്‍റെയും സൂപ്രണ്ടിന്‍റെയും  പങ്ക് അന്വേഷിക്കണമെന്നും ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മരം മുറിക്കേസില്‍ അന്വേഷണം നടത്തുന്ന മൂന്നംഗ കമ്മീഷന്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി.

മഹാരാജാസ് കോളേജിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം പുറത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് അധ്യാപകര്‍.  മുമ്പും നിരവധി തവണ ഇത്തരത്തില്‍ കാമ്പസിലെ മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

കൊവിഡ് കാലത്തും അവധി ദിവസങ്ങളിലുമായിരുന്നു മരങ്ങള്‍ മുറിച്ചു കടത്തിയത്. കോളേജ് പ്രിന്‍സിപ്പാളും സൂപ്രണ്ടും അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും കുറ്റമറ്റ അന്വേഷണം നടത്തണമെന്നും ഗവേണിംഗ് കൗണ്‍സില്‍ അംഗം ഡോ. സുജ ശശികുമാര്‍ ആവശ്യപ്പെട്ടു.

അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തുകയും അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊ‍ഴിയെടുക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ എ എം ജ്യോതിലാലിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

അവധിയില്‍ പ്രവേശിച്ച പ്രിന്‍സിപ്പള്‍ ഡോ. മാത്യു ജോര്‍ജിനെ വിളിച്ചുവരുത്തി  കമ്മീഷന്‍ മൊ‍ഴിയെടുത്തു. കൂടാതെ കടത്താന്‍ ശ്രമിച്ച മരങ്ങളും മുറിച്ചുമാറ്റിയ പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് എ എം ജ്യോതിലാല്‍ പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിനും വനംവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here