കെപിസിസി ഭാരവാഹിപ്പട്ടിക; കൊല്ലം ജില്ലയിലെ എ, ഐ  ഗ്രൂപ്പുകളില്‍ വിള്ളല്‍ 

കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ കൊല്ലം ജില്ലയിലും എ, ഐ  ഗ്രൂപ്പുകളുടെ അഡ്രസ്സ് ഇല്ലാതായി. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഒപ്പംനിന്നവർ പിന്തള്ളപ്പെട്ടതോടെ പല നേതാക്കളും ഒറ്റപ്പെട്ടു. ഇതോടെ ഗ്രൂപ്പ്‌ സമവാക്യം മാറി മറിഞ്ഞു. കോൺഗ്രസിൽ തുടരണോ എന്ന്‌ ആലോചിക്കുന്നവരാണ് ഏറെയും.

കെപിസിസി ജനറൽ സെക്രട്ടറി മുതൽ ബൂത്ത്‌ ഭാരവാഹികൾ വരെയുള്ള അഞ്ഞൂറിലേറെപ്പേരാണ്‌ രണ്ടു മാസത്തിനിടെ ജില്ലയിൽ കോൺഗ്രസ്‌ വിട്ടത്‌. ഡിസിസി മുൻ പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയാണ്‌ തിരിച്ചടിയേറ്റ പ്രമുഖ. കാൽനൂറ്റാണ്ടുവരെ പ്രവർത്തന പരിചയമുള്ള ശൂരനാട്‌ രാജശേഖരൻ, കെ സി രാജൻ, ആർ ചന്ദ്രശേഖരൻ എന്നീ ഐ ഗ്രൂപ്പ്‌ നേതാക്കളും പിന്തള്ളപ്പെട്ടു. ഡിസിസി പ്രസിഡന്റായിരുന്നപ്പോഴും അല്ലാതെയും ജില്ലയിൽ ഐ ഗ്രൂപ്പിൽ അവസാന വാക്കായിരുന്ന കെ സി രാജൻ കളത്തിനു പുറത്തായി.

കഴിഞ്ഞ തവണ എഐസിസി അംഗത്വം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോൾ കെപിസിസി എക്‌സിക്യൂട്ടീവിൽനിന്നും പുറത്തായി. വ്യവസായിയിൽനിന്ന്‌ അഞ്ചു ലക്ഷം രൂപ കോഴവാങ്ങിയ കേസിൽ അന്വേഷണം നേരിടുന്ന ഐ ഗ്രൂപ്പിലെ എം എം നസീർ ജനറൽ സെക്രട്ടറിയായത്‌ കെ സി വേണുഗോപാലിന്റെ ഇടപെടലിലാണ്‌.

ചെന്നിത്തലയുടെ വിശ്വസ്‌തനായ ജ്യോതികുമാർ ചാമക്കാലയെ  ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ എക്‌സിക്യൂട്ടീവിലേക്ക്‌ തരം താഴ്ത്തി. ഐ ഗ്രൂപ്പിനെ നയിക്കാൻ നിലവിൽ നേതാക്കളില്ല. എ ഷാനവാസ്‌ ഖാന്‌ ജനറൽ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടത്‌ എ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെയും തകിടംമറിക്കും. മുഖ്യധാരയിൽ ഇല്ലാതിരുന്ന ഡിസിസി മുൻ പ്രസിഡന്റ്‌ പ്രതാപവർമ തമ്പാന്റെ തിരിച്ചുവരവ്‌ എ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമാക്കും.

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ തമ്പാനെ പടിയിറക്കാൻ ചരടുവലിച്ചത്‌ ഷാനവാസ്‌ ഖാനാണെന്ന ആരോപണം ശക്തമായിരുന്നു. ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ ബിന്ദുകൃഷ്ണയും ഷാനവാസ്‌ ഖാനും തമ്മിലുള്ള ധാരണ ഇരു ഗ്രൂപ്പുകളിലും അസ്വാരസ്യങ്ങൾക്കിടയാക്കി. ഇപ്പോൾ രണ്ടുപേരും ഒരു പോലെ തിരിച്ചടി നേരിടുന്നു. കെപിസിസി വൈസ്‌ പ്രസിഡന്റായിരുന്ന എഴുകോൺ നാരായണൻ പുറത്തായതും എ ഗ്രൂപ്പിനു നഷ്ടമാണ്‌. സൂരജ്‌ രവി, പി ജർമിയാസ്‌, തൊടിയൂർ രാമചന്ദ്രൻ തുടങ്ങിയവരും ഭാരവാഹിത്വം പ്രതീക്ഷിച്ചിരുന്നു.

 കെപിസിസി സെക്രട്ടറിമാർ  ജനറൽ സെക്രട്ടറിമാരുടെ അടിമയാകും.ഈ  പട്ടിക ഇറങ്ങുന്നതോടെ  പൊട്ടിത്തെറി രൂക്ഷമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News