Vijay Babu:വിജയ് ബാബുവിന് ജാമ്യം കിട്ടിയതില്‍ വേദനയുണ്ട്; നിരാശയും;അതിജീവിതയുടെ പിതാവ്

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ (Vijay Babu)വിജയ് ബാബുവിന് ഉപാധികളോടെ (bail)ജാമ്യം നല്‍കിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും പ്രതികരിച്ച് അതിജീവിതയുടെ പിതാവ്. വിജയ് ബാബു പണവും പദവിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പിതാവ് പ്രതികരിച്ചു. വിജയ് ബാബുവിന് ജാമ്യം ലഭിച്ചത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും കേസില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.

കേസില്‍നിന്ന് പിന്മാറുന്നതിനായി വിജയ് ബാബു ഒരു കോടി രൂപയാണ് സുഹൃത്ത് വഴി വാഗ്ദാനം ചെയ്തത്. കേസില്‍നിന്ന് പിന്മാറണമെന്ന് വിദേശത്തുള്ള മറ്റൊരു മകളെ വിളിച്ച് കാലുപിടിച്ച് അപേക്ഷിച്ചിരുന്നു. ഇതിന്റെ വോയ്‌സ് ക്ലിപ്പുകള്‍ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധനായിരുന്നെങ്കില്‍ പെണ്‍കുട്ടിക്കെതിരെ മാന്യമായി കേസ് കൊടുക്കുകയായിരുന്നു അയാള്‍ ചെയ്യേണ്ടിയിരുന്നതെന്നും കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല, പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തതെന്നും അതായിരുന്നു അയാളും ചെയ്യേണ്ടിയിരുന്നതെന്നും പിതാവ് പറഞ്ഞു. അതിനുപകരം ഫേസ്ബുക്ക് ലൈവില്‍ വന്ന് മകളെ അവഹേളിച്ച് സംസാരിക്കുകയാണ് ചെയ്തത്. ‘ഞാനാണ് ഇര’ എന്നാണ് വിജയ് ബാബു മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു പറഞ്ഞത്. ഭാര്യയുണ്ട്, മകനുണ്ട്, അമ്മയുണ്ട്, അപമാനിക്കരുത് എന്നെല്ലാമാണ് പറയുന്നത്. പെണ്‍കുട്ടിക്കുമുണ്ട് അച്ഛനും അമ്മയും സഹോദരങ്ങളും. അതേക്കുറിച്ച് എന്താണ് ആലോചിക്കാത്തത്?അതിജീവിതയുടെ പിതാവ് ചേദിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഉദ്ദേശിക്കുന്ന മറ്റു പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് മകള്‍ കേസ് കൊടുത്തതെന്നും കേസുമായി ഏതറ്റംവരെയും പോകുമെന്നും മകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here