ഹിന്ദി അടിച്ചേല്‍പ്പിക്കല്‍; പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും. ദേശീയ തലത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വലിയ വിവാദമായി തുടരുകയാണ്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉന്നയിച്ചു. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച പ്രധാനമന്ത്രി സഭയിലിരിക്കെ സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസും വിഷയം ഉയര്‍ത്തി. കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് രാജ്യത്തിന്റെ ബഹുസ്വരതയെ തന്നെ തകര്‍ക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് സഭയില്‍ പറഞ്ഞു.

പ്രസംഗത്തിന്റെ ഒരു ഭാഗം തമിഴിലും തെലുങ്കിലുമുളള കുറിപ്പോടെ ജോണ്‍ ബ്രിട്ടാസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നിരവധി പേര്‍ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രമുഖ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. തെലുങ്കില്‍ നല്‍കിയ ട്വീറ്റ് ടിആര്‍എസും റിട്വീറ്റ് ചെയ്തു.

ദേശീയ തലത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കി മറ്റ് ഭാഷാവൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനകില്ലെന്നതാണ് ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന വികാരം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം നിലപാടുകള്‍ക്ക് കിട്ടുന്ന പിന്തുണയും സ്വീകാര്യതയും കേന്ദ്ര സര്‍ക്കാരിനെതിരെയുളള വികാരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here