ADVERTISEMENT
സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു.
“സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുന്നു. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെച്ചത്. പല മാനങ്ങൾ കൊണ്ട് ഇത് ഇന്ത്യയിൽ തന്നെ പുതുചരിത്രമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ നിരവധിയുണ്ട്. ഇപ്പോൾ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകൾക്കാണ്. ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്”- വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്. കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിൽ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.