
ക്ഷേമ പെൻഷൻ കൈക്കൂലിപ്പണമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കെഎസ്‌കെടിയു സംഘടിപ്പിച്ച പെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസിന്റെ ഫ്യൂഡൽ മനോഭാവമാണ് വെളിപ്പെട്ടത്. ജന്മിത്വത്തിനെതിരെ ഈ നാട് പോരാടിയപ്പോൾ അതിനെ പുച്ഛിച്ചവരാണ് കോൺഗ്രസ്. ആ മനോഭാവമാണ് അവർക്കിപ്പോഴും. നാണംകെട്ട പ്രയോഗമാണ് വേണുഗോപാൽ നടത്തിയത്. അത് നാക്കുപിഴയല്ലെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചപ്പോൾ മനസിലായി. എല്ലാ കോൺഗ്രസ നേതാക്കളും ഓരോ ദിവസവും അവഹേളനം തുടരുകയാണ്. പെൻഷൻ നേരത്തിന് കൊടുക്കാത്തതിൽ റെക്കോഡിട്ടവരാണ് യുഡിഎഫുകാർ. സഹായിച്ചില്ലെങ്കിൽ അപമാനിക്കരുതെന്നാണ് ഈ നാടിന് അവരോട് പറയാനുള്ളത്.
പാവപ്പെട്ട ഒരാൾക്ക് പേടിക്കാതെയും പട്ടിണി കിടക്കാതെയും ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏക നാടാണ് കേരളം. പ്രായമായാൽ വീടിന്റെ മൂലയിലേക്ക് തള്ളില്ല എന്ന സാഹചര്യം സൃഷ്ടിച്ചു. കേരളത്തിൽ ജനസംഖ്യയിൽ നാലിലൊന്ന് പേർക്ക് പെൻഷൻ കിട്ടുന്നുണ്ട്. പാവപ്പെട്ടവന് പരിഗണനയിൽ എല്ലാകാലത്തും ഇടതുപക്ഷം ഒന്നാം സ്ഥാനം നൽകിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള, മോദി ഭരിക്കുന്ന ഇന്ത്യയിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്.
ALSO READ: മരത്തില്‍നിന്ന് വീണ് അരയ്ക്കുതാഴെ തളര്‍ന്നെങ്കിലും നിലമ്പൂരിലെ ആവേശച്ചൂടില്‍ കെ എസ് അലക്‌സാണ്ടര്‍
ഇടതുപക്ഷ വിരുദ്ധതതയുടെയും സർക്കാർ വിരുദ്ധതയുടെയും നുണകൾ പടച്ചുണ്ടാക്കി വലതുപക്ഷ മാധ്യമങ്ങളിലൂടെ അത് കെട്ടഴിച്ചുവിട്ട് ജാതിമത വർഗീയ കൂട്ടുകെട്ടിലൂടെ തെരഞ്ഞെടുപ്പ് ലാഭമുണ്ടാക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. വർഗീയ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചത്. നാടിന്റെ വികസന സാധ്യതകളെ അത് തകർത്തു. കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ദേശീയപാത നിർമ്മാണം കോടതി കയറ്റാനാണ് ശ്രമം. യുഡിഎഫ് നേതാക്കൾ സ്വയം അപഹാസ്യരാകുന്നു. ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ലെന്ന് തെളിയിക്കുന്ന നിലപാടുകളാണ് അവർ എല്ലാ വിഷയത്തിലും സ്വീകരിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here