
കണ്ടുപിടുത്തങ്ങൾ ആളുകളെ ഞെട്ടിക്കാറുണ്ട്. പലതും ലോകത്തിനു നൽകുന്നതും പഠിപ്പിക്കുന്നതും പുതിയ കാര്യങ്ങൾ ആണ്. അവയിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നവയും ഉണ്ടാകും. ഇപ്പോഴിതാ അത്തരമൊരു കണ്ടുപിടുത്തതിന്റെ കഥയാണ് പറയാൻ പോകുന്നത്. മലേഷ്യയിലെ ഒരു താവോയിസ്റ്റ് ക്ഷേത്രം “എ ഐ മാസു പ്രതിമ” അവതരിപ്പിച്ചു. ആളുകളുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുന്ന തരത്തിലാണ് ചൈനീസ് കടൽ ദേവതയുടെ എഐ പ്രതിമ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തേതെന്ന് ആണ് ഇവർ അവകാശപ്പെടുന്നത്.
തെക്കൻ മലേഷ്യൻ സംസ്ഥാനമായ ജോഹോറിലെ ടിയാൻഹോ ക്ഷേത്രം, വിശ്വാസികൾ എഐ അല്ലെങ്കിൽ കൃത്രിമ ബുദ്ധിയായ മാസുവുമായി ഇടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ ഒരു സ്ക്രീനിൽ പ്രദർശിപ്പിച്ചു. പരമ്പരാഗത ചൈനീസ് വസ്ത്രധാരണത്തിൽ ആകർഷകമായ ഒരു സ്ത്രീയായിട്ടാണ് ദേവതയെ കാണിച്ചിരിക്കുന്നത്. എഐ മാസു സൗമ്യമായ ശബ്ദത്തോടെ പ്രതികരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ALSO READ: സിബിഐയിലുള്ള പൊതുജന വിശ്വാസം തകർന്നു; കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നു; മദ്രാസ് ഹൈക്കോടതി
എ.ഐ. മാസുവിൽ നിന്ന് അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും, അവർ പുറത്തെടുക്കുന്ന ഭാഗ്യക്കുറികളുടെ വ്യാഖ്യാനങ്ങൾ തേടാനും, വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാനും ആണ് ആളുകൾ എത്തുന്നത്. എ.ഐ. ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ദേവതയെ സൃഷ്ടിച്ചത് മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ ആണ്.
ഒരു പ്രദർശന വീഡിയോയിൽ, ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരാളോട് ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുവെള്ളം കുടിക്കാൻ എ.ഐ. മാസു ഉപദേശിക്കുന്നത് കാണാം. ക്ഷേത്രം സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന്, ഡിജിറ്റൽ ദേവതയിൽ നിന്ന് അനുഗ്രഹം അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ ആണ് പ്രാർത്ഥിക്കുന്ന കൈകളുടെ ഇമോജികൾ കമന്റായി നൽകുന്നത്.
ഏപ്രിൽ 20 ന് ആചരിച്ച മാസു ദേവതയുടെ 1,065-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു AI മാസുവിനെ അവതരിപ്പിച്ചത്. SCMP സൂചിപ്പിക്കുന്നത് പോലെ, ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ മെയ്ഷോ ദ്വീപിൽ എ.ഡി. 960-ൽ ലിൻ മോ എന്ന പേരിൽ ജനിച്ച മാസു, കടലിൽ നാവികരെ രക്ഷിക്കുന്നതിനിടെ മരിച്ചതായി പറയപ്പെടുന്നു. പിന്നീട് അവർ ആരാധിക്കപ്പെടുകയും ഇപ്പോൾ ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലുടനീളം മത്സ്യത്തൊഴിലാളികളുടെയും യാത്രക്കാരുടെയും സംരക്ഷകയായിട്ടാണ് കരുതപ്പെടുന്നത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here