മലപ്പുറം ജില്ലയിലെ ജനങ്ങളെ ഇടതുപക്ഷം അപമാനിക്കുകയാണെന്നും ചരിത്രത്തിലുടനീളം മലപ്പുറം ജില്ലയോട് അതാണ് അവരുടെ സമീപനമെന്നുമാണ് ഇപ്പോൾ സതീശനും ലീഗും പറയുന്നത്. ശരിക്കും അങ്ങനെയാണോ? ആരാണ് മലപ്പുറം ജില്ലയെ അതിന്റെ രൂപീകരണത്തെപോലും ഏതിർത്തുകൊണ്ട് മുന്നോട്ട് വന്നത്? കോൺഗ്രസ്സും ലീഗും ആ ചരിത്രമൊക്കെ സൗകര്യപൂർവ്വം അങ്ങ് മറന്നതാകും . എന്നാൽ അതൊന്ന് ഓർമ്മിപ്പിച്ചേക്കാം.
1967 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. ആദ്യമായി ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടി അടങ്ങുന്ന സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നു. ലീഗ് 14 സീറ്റ് നേടുന്നു. കോൺഗ്രസ് ആദ്യമായി ഒറ്റയക്കത്തിലേക്ക് ചുരുങ്ങുന്നു, 9 സീറ്റ്. വൻഭൂരിപക്ഷത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സപ്തകക്ഷിമുന്നണി അധികാരത്തിൽ വരുന്നു. കോൺഗ്രസ് സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെപ്പിച്ച് അപമാനിച്ച് സ്പീക്കർ ആക്കി പിന്നീട് അപമാനിച്ചു പുറത്താക്കിയ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആകുന്നു. ലീഗിൽ നിന്ന് രണ്ടാമത്തെ മന്ത്രിയായി അഹമ്മദ് കുരിക്കളും സത്യപ്രതിജ്ഞ ചെയ്യുന്നു.
ഈ സർക്കാരിന്റെ കാലത്താണ് ഇഎംഎസ് മലപ്പുറം ജില്ല രൂപീകരിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത് . എന്നാൽ കേരള മുസ്ലിങ്ങളുടെ ആകമാനം ഉള്ള സാമൂഹ്യ സാംസ്കാരിക സാമ്പത്തിക പുരോഗതിയിൽ വലിയ പങ്കുവഹിച്ച ആ നിർദേശത്തെ കോൺഗ്രസ് അടിമുടി എതിർക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്ത രണ്ട് പാർട്ടികളെ ഉണ്ടായിരുന്നുള്ളൂ . ഒന്ന് കോൺഗ്രസ്സും മറ്റൊന്ന് ബി ജെ പി യുടെ നേതൃത്വത്തിലുള്ള ജനസംഘവും. അന്ന് മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ ജാഥ എന്ന പേരിൽ ജാഥാ നടത്തിയവരായിരുന്നു കോൺഗ്രസ്സ്. മറ്റൊരു ജില്ലാ രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിർപ്പാണ് മലപ്പുറം ജില്ലാ രൂപീകരിക്കുമ്പോൾ അന്ന് ഉണ്ടായത്. ജനസംഘത്തിന്റെ ആഹ്വാനപ്രകാരം ഉത്തരേന്ത്യയിൽ നിന്നടക്കം ആളുകൾ മലപ്പുറത്തെത്തി പ്രതിഷേധം നടത്തി.
ALSO READ: നാണമുണ്ടോ കോണ്‍ഗ്രസ്സേ; അന്ന് മറിയക്കുട്ടിക്കൊപ്പം സമരം, ഇന്ന് പെന്‍ഷന്‍ കൈക്കൂലിയെന്ന് കെസി
ആര്യാടൻ മുഹമ്മദാണ് അന്ന് ജില്ലാ രൂപീകരണത്തെ ശക്തമായി എതിർത്ത് മുന്നോട്ട് വന്നതെന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. മലപ്പുറം കുട്ടി പാകിസ്ഥാൻ ആകുമെന്ന് പറഞ്ഞാണ് അന്നത്തെ കോഴിക്കോട് ഡി സി സി സെക്രട്ടറി ആയിരുന്ന ആര്യാടൻ മുഹമ്മദ് ഉപവാസം സമരം അടക്കം നടത്തിയത്. ആര്യാടനോപ്പം കോൺഗ്രസ്സിന്റെ സമുന്നതനേതാക്കളായ കെ കേളപ്പനും കെ പി കേശവമോനോനുമാണ് മലപ്പുറം ജില്ലാ രൂപീകരണത്തെ വിഷലിപ്തമായ വർഗ്ഗീയത കൊണ്ട് നേരിടാൻ ശ്രമിച്ചത് എന്നോർക്കണം. ജില്ലാ പ്രഖ്യാപിച്ച ദിവസം കെ കേളപ്പന്റെ നേതൃത്വത്തിൽ പ്രധിഷേധ ജാഥാ നടത്തി. മലപ്പുറത്തെ ‘മാപ്പിളസ്ഥാൻ’ എന്നായിരുന്നു കെ കേളപ്പൻ അന്ന് വിളിച്ചിരുന്നത്. മതപരമായ സ്പർദ്ധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വിളിച്ചു വരുത്തുകയായിരുന്നു അന്നത്തെ കോൺഗ്രസ്സ് ചെയ്തത്.
ALSO READ: മാനവേദ വിളങ്ങുന്ന നിൻ മുറ്റം വികസനത്തിന്റെ നേർകാഴ്ചയായി
എന്നാൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നയപരമായി പ്രശ്നത്തെ നേരിട്ടു. മുസ്ലീം സമുദായത്തിന്റെ ഇന്നത്തെ പല പുരോഗതിയുടെയും കാരണമായ മലപ്പുറം ജില്ലയെ കോൺഗ്രസ്സുകാരിൽ നിന്ന് രക്ഷിച്ചെടുത്തത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇനി പറ, ആരായിരുന്നു മലപ്പുറത്തെ, അവിടത്തെ ജനങ്ങളെ, ചരിത്രത്തിലുടനീളം അപമാനിച്ചത്? ആ ജില്ലതന്നെ ഉണ്ടാവാതിരിക്കാൻ, തങ്ങൾക്ക് സ്വാധീനമുള്ള പാലക്കാട് ജില്ലയുടെ ഭാഗമായി മലപ്പുറത്തെ എന്നെന്നേക്കും നിലനിർത്താൻ, സംഘപരിവാറിന്റെ കൂടെ തോളോടുതോൾ ചേർന്ന് പണിയെടുത്തത്?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

