
KSRTC VOLVO 9600 SLX FAKE NEWS FACT CHECK | വോൾവോയുടെ ഏറ്റവും പുതിയ അത്യാഡംബര 9600 എസ്എൽഎക്സ് ബസ് കെഎസ്ആർടിസി വാങ്ങുന്നുവെന്ന വിവരം ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ആദ്യമായി പുറത്തുവിട്ടത്. ഏറ്റവും മികച്ച സൌകര്യങ്ങളോട് കൂടിയതാണ് ഈ സ്ലീപ്പർ ക്ലാസ് ബസ്. എന്നാൽ വോൾവോ 9600 SLX വാങ്ങുന്ന ആദ്യ ആർടിസി കേരളമാണെന്ന് ഗണേഷ് കുമാർ പറഞ്ഞകാര്യം പച്ചക്കള്ളമാണെന്നും 2023ൽ ഈ ബസ് കർണാടക ആർടിസി വാങ്ങിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ പോസ്റ്റ് മനോരമ ന്യൂസ് വെബ്സൈറ്റ് വലിയ വാർത്തയായി നൽകുകയും ചെയ്തു. സർക്കാർ വിരുദ്ധ ജ്വരം ബാധിച്ച മനോരമ, ജ്യോതികുമാർ ചാമക്കാലയുടെ പച്ചക്കള്ളം പരിശോധിക്കാൻ പോലും തയ്യാറാകാതെയാണ് വാർത്ത നൽകിയത്.
ചാമക്കാലയെ എയറിലാക്കിയ പോസ്റ്റ്
മന്ത്രി ഗണേഷ് കുമാറിന്‍റേത് തള്ളാണെന്നും, രാജ്യത്ത് ആദ്യമായി VOLVO 9600SLX സ്വന്തമാക്കിയത് കെഎസ്ആർടിസി അല്ലെന്നുമാണ്, വസ്തുതകൾ എന്ന മട്ടിൽ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ സമർഥിക്കുന്നത്. വോൾവോയുടെ 9600 സീരിസ് മൾട്ടി ആക്സിൽ ബസ്സുകൾ ഇന്ത്യൻ നിരത്തിൽ ഇറങ്ങുന്നത് 2022 ആഗസ്ത് മൂന്നിനാണും ഈ സീരിസിൽ രണ്ടുതരം ബസ്സുകളാണ് ഉള്ളതെന്നും അത് SLX – സ്ലീപ്പർ കോച്ചുകളും(15 mtr) L – സീറ്റർ(13.5 mtr) കോച്ചുകളുമാണെന്നും ചാമക്കാല പറയുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന RTC, വോൾവോ 9600 SLX മൾട്ടി ആക്സിൽ ബസ് സ്വന്തമാക്കുന്നത് തങ്ങളുടെ പാർട്ടി ഭരിക്കുന്ന കർണ്ണാടക RTC ആണെന്നും അത് 2023 ഫെബ്രുവരി 21 ന് 20 ബസ്സുകൾ നിരത്തിലിറക്കിയാണ് ഉദ്ഘാടനം നടത്തിയതെന്നും ചാമക്കാല പറയുന്നുണ്ട്. സംശയമുണ്ടെങ്കിൽ പരിശോധിക്കാനായി കർണാടക ആർടിസിയുടെ വോൾവോ 9600 ബസ്സിൻ്റെ രജിസ്റ്റർ നമ്പരും പങ്കുവെക്കുന്നുണ്ട്.

അതിനുംപുറമെ 2023 ഫെബ്രുവരി 25ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ ബസ്സുകളുടെ റിവ്യൂവിൻ്റെ ലിങ്കും ചാമക്കാല പങ്കുവെക്കുന്നു. അതുകൊണ്ടൊന്നും തീർന്നില്ല, വോൾവോ കമ്പനിയുടെ 2024 ജനുവരി 29 ൻ്റെ പത്രക്കുറിപ്പ് പ്രകാരം ഒഡീഷ സർക്കാർ വോൾവോ 9600 SLX മൾട്ടി ആക്സിൽ ബസ്സുകൾ ഒന്നും രണ്ടുമല്ല 122 എണ്ണത്തിനാണ് ഓർഡർ നൽകിയതെന്നും തട്ടിവിടുന്നുണ്ട്. 2024 ഡിസംബർ 15ന് ഗുജറാത്ത് സർക്കാർ 10 വോൾവോ ബസുകൾ നിരത്തിലിറക്കി. പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇത്തരത്തിൽ വോൾവോ ബസുകൾ വാങ്ങിയിട്ടുണ്ടെന്നും ചാമക്കാല പറയുന്നു.
എന്താണ് വാസ്തവം?
വോൾവോ 9600 SLX ആദ്യമായി വാങ്ങുന്ന ആർടിസി കേരളം തന്നെയാണ്. കർണാടക ആർടിസിയുടെ കൈവശമുള്ളതിൽ ഏറ്റവും ആഡംബര വാഹനം വോൾവോയുടെ തന്നെ 9600 എസ് ആണ്, 9600 SLX അല്ല.
വോൾവോയുടെ ഏറ്റവും അവസാനം ഇറങ്ങിയതും ഏറ്റവും ആധുനികവുമായ മോഡൽ ആണ് 9600 SLX. ഈ മോഡൽ വോൾവോ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് തന്നെ സെപ്റ്റംബർ മാസമാണ്. സെപ്റ്റംബർ 2025 മുതലാണ് ഈ മോഡലിലെ ആദ്യ ബാച്ച് ബസുകൾ ഡെലിവറി ചെയ്തുതുടങ്ങിയത്. കേരളത്തിൽ കൊല്ലം ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഓപ്പറേറ്ററാണ് ഈ ബസ് ആദ്യമായി വാങ്ങിയത്. അവർക്ക് രണ്ട് ബസ് ഡെലിവറി കിട്ടിയത് സെപ്റ്റംബർ 26ന് ആണ്.

ലോഞ്ച് ആയതിനുശേഷം രാജ്യത്തെ ഒരു റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ആദ്യമായി ഡെലിവറി ചെയ്യുന്നത് കേരള ആർടിസിക്കാണ്. ഒക്ടോബർ 31നാണ് ഒരു ജോഡി വോൾവോ 9600 SLX ബസുകൾ കെഎസ്ആർടിസിയുടെ ലിവറിയിൽ കേരളത്തിലേക്ക് എത്തുന്നത്. ഇതിന്‍റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ALSO READ: ‘കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം’; വോൾവോ 9600SLX ബസുകൾ വരുന്നു; സവിശേഷതകളറിയാം
വോൾവോയുടെ ഇതുവരെ നിരത്തുകളിൽ ഉണ്ടായിരുന്നത് 9400, 9600 എസ് സീരീസ് ബസുകളാണ്. 9600 എസ് എന്നാൽ സ്ലീപ്പർ ബസ്സുകളാണ്. കേരള ആർടിസി സ്വിഫ്റ്റിന് വേണ്ടി മുമ്പ് വാങ്ങിയത് 9400 ആയിരുന്നു. ഈ ബസാണ് തിരുവനന്തപുരത്തുനിന്ന് നാഗർകോവിൽ വഴി ബംഗളുരുവിലേക്ക് സർവീസ് നടത്തുന്നത്. കെഎസ്ആർടിസി അടുത്തിടെ ആയി 9600 സീറ്ററും വാങ്ങി. ഇക്കഴിഞ്ഞ ഓണത്തിന് മുമ്പ് കനകക്കുന്നിൽ നടത്തിയ പ്രദർശനത്തിൽ ഈ ബസ് പൊതുജനങ്ങൾക്ക് കാണാൻ അവസരം നൽകുകയും, അതിന് പിന്നാലെ സർവീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപു-ബംഗളുരു, കൊട്ടാരക്കര-ബംഗളുരു, കൊട്ടാരക്കര-മൂകാംബിക റൂട്ടുകളിൽ വോൾവോ 9600 ബസ് സർവീസ് നടത്തുന്നുണ്ട്.
അതേസമയം 2025 സെപ്റ്റംബറിൽ മാത്രം രാജ്യത്ത് പുറത്തിറക്കിയ 9600 slx രാജ്യത്തെമ്പാടുമായി വിരലിൽ എണ്ണാവുന്ന സ്വകാര്യ ഓപ്പറേറ്റർമാർ മാത്രമാണ് വാങ്ങിയിട്ടുള്ളത്. ഈ മോഡൽ ഉപയോഗിച്ച് രാജ്യത്ത് തന്നെ ആദ്യത്തെ സർവീസ് ആരംഭിച്ചത് ശ്യാമൊലി പരിബാഹൻ എന്ന സ്വകാര്യ ഓപ്പറേറ്ററാണ്. ഹൈദരാബാദിൽനിന്ന് ബംഗളുരു വഴി മൈസൂരുവിലേക്കാണ് ശ്യാമൊലി ബസ് 9600 എസ്എൽഎക്സ് ബസ് ഉപയോഗിച്ച് സർവീസ് നടത്തിയത്. ഒക്ടോബർ മാസം ആദ്യം മുതലാണ്. നേരത്തെ പറഞ്ഞതുപോലെ കൊല്ലം ആസ്ഥാനമായ പുഞ്ചിരി ബസ് ഗ്രൂപ്പാണ് കേരളത്തിൽ ആദ്യമായി വോൾവോ 9600 എസ്എൽഎക്സ് ബസ് വാങ്ങുന്നത്.
മനോരമയ്ക്ക് കിട്ടിയ പണി
സ്വകാര്യ ഓപ്പറേറ്റർമാരെ കൂടാതെ കേരള ആർടിസിയാണ് വോൾവോ 9600 എസ്എൽഎക്സ് ബസ് സ്വന്തമാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. എന്നാൽ ഈ വസ്തുത മറച്ചുവെച്ചാണ് ജ്യോതികുമാർ ചാമക്കാല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ലോഞ്ച് പോലും ചെയ്തിട്ടില്ലാത്ത വാഹനം കർണാടക ആർടിസി സ്വന്തമാക്കിയെന്നും ഒഡീഷ സർക്കാർ 2 വർഷം മുമ്പേ ഓർഡർ നൽകിയെന്നുമൊക്കെ പറഞ്ഞ് പച്ചക്കള്ളം പടച്ചുവിടുന്നത്. ഇത് തൊണ്ടതൊടാതെ വിഴുങ്ങിയിരിക്കുകയാണ് മനോരമ ന്യൂസ് ചാനലിന്‍റെ ഓൺലൈൻ ന്യൂസ് പോർട്ടൽ.

ചാമക്കാല ബഹിരാകാശത്തേക്ക്
ചാമക്കാലയുടെ പച്ചനുണ ചൂടാറുന്നതിന് മുന്നേ വാർത്തയാക്കി മന്ത്രിയുടെ തള്ള് എന്നൊക്കെ പറഞ്ഞ് സർക്കാരിനെയും കെഎസ്ആർടിസിയെയും കരിവാരിതേക്കാൻ മനോരമ മുന്നിട്ടിറങ്ങിയതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ ഇത് തെളിവുകൾ സഹിതം സോഷ്യൽ മീഡിയ തേച്ചൊട്ടിച്ചിട്ടുണ്ട്. ‘ തന്നെ പത്തനാപുരത്ത് നിലം തൊടാതെ തോൽപ്പിച്ച് എന്ന് കരുത്തി ഇങ്ങനേം ഉണ്ടോ നുണ പറയൽ…?’ എന്നും വണ്ടി എന്താണ് ലോഞ്ച് ചെയ്ത വണ്ടിയുടെ മോഡൽ എന്താണ് എന്നറിയാതെ എന്തിനാണ് ഈ തള്ളി മറിക്കുന്നത് , അങ്ങാടി തോറ്റതിന് അമ്മയോട് എന്നിങ്ങനെ പോകുന്നു ചാമക്കാലയുടെ കള്ളത്തരങ്ങൾക്ക് താഴെ വന്ന കമന്റുകൾ.
‘താനെന്തൊരു ദുരന്തമാടോ ചാമക്കാലേ ? അറിയാത്ത കാര്യം ഗൂഗിളിൽ സെർച്ച് ചെയ്ത് അതുപോലെ കോപ്പിയെടുത്തോണ്ട് വരുന്നതെന്തിനാ വണ്ടി എന്താണ് ലോഞ്ച് ചെയ്ത വണ്ടിയുടെ മോഡൽ എന്താണ് എന്നറിയാതെ എന്തിനാണ് ഈ തള്ളി മറിക്കുന്നത്’- എന്നാണ് ഒരു കമന്‍റ്. അറിവില്ലായ്മ ഒരു കുറ്റമല്ല… കോൺഗ്രസ് കാർക്ക് അത് ഉണ്ടാവണം എന്ന് വാശി പിടിക്കുന്നും ഇല്ല…. എന്നാലും ഒരു കാര്യം പറയുമ്പോൾ അത്യാവശ്യം പഠിച്ചു പറഞ്ഞു കൂടെയെന്നും ഒരാൾ ചോദിക്കുന്നു. ഇത്രയും കാര്യങ്ങൾ ഗൂഗിൾ ചെയ്തു കണ്ടു പിടിച്ച മഹാനുഭാവ മുണ്ടക്കൈ ചൂരൽമല വീട് വയ്ക്കാൻ വേണ്ടി പിരിച്ച പൈസ എവിടെ എന്ന് കൂടെ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം ചിലപ്പോൾ കിട്ടുമെന്നുമാണ് മറ്റൊരു കമന്‍റ്.
ഗണേഷ്കുമാറിനെതിരെ പത്തനാപുരത്ത് മത്സരിക്കണം, അതിന് കുറ്റവും തപ്പിയിറങ്ങിയതാണ്,,!! മലയാളികൾ അത്യാവശ്യം വിവരവും ബോധവുമുള്ളവരായതുകൊണ്ട് പോസ്റ്റ് തേഞ്ഞുവെന്ന് കമൻറുകൾ നോക്കിയാൽ അറിയാം,,!! നിലമ്പൂരിൽ പാതിരാത്രിയിറങ്ങി നടത്തിയ ശവം തീറ്റ പരിപാടിയായിരിക്കും കൂടുതൽ ഉചിതമെന്നും ഒരാൾ കമന്‍റ് ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് മൊത്തം 9600s ൻ്റെ കാര്യം ആണ് , ഇത് 9600 slx ആണ്. രണ്ടും വേറെ വേറെ ആണ്. കുറഞ്ഞത് മിനിമം അന്വേഷണം നടത്തിയിട്ട് പോസ്റ്റ് ചെയ്യുകയെന്നും മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

