
മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ തൊഴിലാളി ഉത്സവമായ സിപിഐഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പകൽ മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വളന്റിയർമാർ അണിനിരക്കും. സിപിഐഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്.
6 ദിവസം നീണ്ട പാർട്ടി നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് തൊഴിലാളി വർഗ്ഗ പ്രസ്ഥാനം രാജ്യമാകെ ബ്രാഞ്ച്, ലോക്കൽ, ഏര്യാ, ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ ചിട്ടയോടെ നടത്തി ഉൾപാർട്ടി ജനാധിപത്യത്തിലൂടെ ചർച്ചകളും വിമർശനങ്ങളും നിർദ്ദേശങ്ങളും തിരുത്തലുകളും പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച് ഇടത്പക്ഷ നയങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് നടക്കുന്നത്.
രാജ്യത്തെ പത്ത് ലക്ഷത്തിലധികം പാർട്ടി മെമ്പർമാരും കോടിക്കണക്കിന് വരുന്ന അനുഭാവികളും കുടുബാംഗങ്ങളും പ്രതീക്ഷയോടെയാണ് സമ്മേളനത്തെ വീക്ഷിച്ചത്. സoഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് പുതിയ ഭാരവാഹികൾ മധുര വണ്ടിയൂർ മസ്താൻ പെട്ടിയിൽ ചെങ്കൊടി ഏന്തി ബഹുജന റാലിയിൽ പങ്കെടുക്കും.
വാദ്യമേളങ്ങളുടെയും വിവിധ കലാസംഘങ്ങളുടെ പ്രകടനങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗറിൽ പ്രവേശിക്കുന്ന ചുവപ്പുസേനാ മാർച്ചിനെ നേതാക്കൾ അഭിവാദ്യംചെയ്യും. പൊതുസമ്മേളനത്തിൽ സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം അധ്യക്ഷനാകും. പൊളിറ്റ്‌ബ്യൂറോ കോ– ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ ബാലകൃഷ്ണൻ, യു വാസുകി, പി സമ്പത്ത് എന്നിവർ സംസാരിക്കും.
സ്വാഗതസംഘം സെക്രട്ടറി സു വെങ്കടേശൻ എംപി സ്വാഗതവും ട്രഷറർ മതുക്കൂർ രാമലിംഗം നന്ദിയും പറയും. സമ്മേളനത്തിൽ പങ്കുചേരാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ശനിയാഴ്‌ച പകലോടെ തന്നെ മധുര നഗരം ജനസാഗരമായി മാറിയിരുന്നു. കരട് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച ശനിയാഴ്‌ച പൂർത്തിയായി. 54 പേർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾക്ക് അംഗീകാരം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here