വടകരയിലെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിഷയത്തിന്റെ മറവിൽ യുഡിഎഫ് പൊലീസിന്റെയും മാധ്യമങ്ങളുടെയും ഒത്താശയോടെ നടത്തുന്ന മാധ്യമ ഭരണകൂട വേട്ടയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മറ്റി. ഡിവൈഎഫ്ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെയാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഭരണകൂട സ്വാധീനം ഉപയോഗിച്ച് കൃത്യമായ ഗൂഢാലോചനയാണ് സംഘടനയ്ക്കും പ്രവർത്തകർക്കും എതിരെ നടക്കുന്നതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തെ ഈ വിഷയത്തിൽ ഡിവൈഎഫ്ഐ നേതാവായ റിബേഷ് മാസ്റ്ററാണ് പ്രതിയെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇപ്പോൾ മറ്റൊരു പ്രവർത്തകനെ പൊലീസ് പ്രതിചേർത്തിരിക്കുന്നത്. കേവലം സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരെ നിരന്തരം ചോദ്യം ചെയ്യാനും കള്ളക്കേസുകളിൽ കുടുക്കാനുമാണ് ബോധപൂർവ്വമായ ശ്രമം നടക്കുന്നത്. യാതൊരുവിധ തെളിവും ഇല്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായി എന്ന കാരണത്താൽ മാത്രമാണ് പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ഇത്തരത്തിൽ കള്ള കേസുകൾ ചുമത്തുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും ഡിവൈഎഫ്ഐ എന്ന സംഘടനയെയും പ്രവർത്തകരെയും സംശയത്തിന്റെ മുനയിൽ നിർത്താനും ആണ് പൊലീസും യുഡിഎഫ് സംവിധാനവും ശ്രമിക്കുന്നത്. ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുല്ല എംഎൽഎ യുടെയും നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ആജ്ഞാനിവർത്തികളായി വടകരയിലെ പോലീസും എസ്ഐടി സംഘവും മാറിയിരിക്കുന്നു. തിരുവള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

