
സമൂഹമാധ്യമത്തതില്‍ നിന്ന് ബോളിവുഡ് നടൻ ഹൃത്വിക് റോഷനെതിരായ ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നടൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാനും കോടതി ഉത്തരവിട്ടു. നടനെ അപകീർത്തിപ്പെടുത്തുന്നതോ അശ്ലീലമായതോ ആയ പോസ്റ്റുകൾ, വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്ത പോസ്റ്റുകൾ എന്നിവയും സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു.
സാമ്പത്തികമായ നേട്ടത്തിനായി നടൻ്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വത്തിൻ്റെ മറ്റ് വശങ്ങൾ എന്നിവ മൂന്നാമതൊരാള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടൻ കോടതിയെ സമീപിച്ചത്. താരത്തിന്റെ പേരിലുള്ള ഫാൻ പേജുകളും സമൂഹമാധ്യമത്തില്‍ നിന്ന് നീക്കണമെന്ന് നടൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യം കോടതി നിരസിച്ചു.
വാണിജ്യപരമായോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന ഉള്ളടക്കം ഇല്ലാത്ത ഫാൻ പേജുകൾ നീക്കം ചെയ്യാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പേജിന്‍റ ഉടമകളുടെ ഭാഗം കേട്ടതിന് ശേഷം മാത്രമേ തുടർനടപടിയെടുക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറയാണ് നടൻ നല്‍കിയ കേസ് പരിഗണിച്ചത്. ഒരാളുടെ പേര്, ശബ്ദം, ചിത്രം, വ്യക്തിത്വവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന എന്തിനും മേലുള്ള അവകാശങ്ങളാണ് വ്യക്തിത്വ അവകാശങ്ങൾ എന്ന് അറിയപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

