അരനൂറ്റാണ്ട് പിന്നിട്ട സംഗീതസ്മൃതി: യേശുദാസും സഹോദരിയും ചേർന്ന പാട്ടിന്‍റെ മധുരസ്മരണയിൽ മുംബൈ മഹാനഗരം

YESHUDAS + MUMBAI

മലയാളികളുടെ സംഗീതസ്മൃതികളിൽ നിന്നും മായാതെ നിൽക്കുന്ന ഒരു അപൂർവ യുഗ്മഗാനം — “ആരാധിക്കുന്നവർക്ക് ആധാരമായ് വിളങ്ങും നാരായണൻ ഹരി നാരായണൻ”. അരനൂറ്റാണ്ട് പിന്നിട്ട ഈ പാട്ട്, മുംബൈയിലെ മലയാളികളുടെ ഹൃദയത്തിൽ ഇപ്പോഴും ഒരു നിശ്ശബ്ദ സംഗീതധാരയായി ഒഴുകുകയാണ്. 1970കളുടെ തുടക്കത്തിൽ മുംബൈയിലെ പ്രശസ്തമായ ഷണ്മുഖാനന്ദ ഹാളിലായിരുന്നു ആ അപൂർവ നിമിഷം. നിറഞ്ഞ സദസ്സിന്‍റെ മുന്നിൽ ഗാനഗന്ധർവൻ യേശുദാസും ഇളയ സഹോദരി ജയ ആന്റണിയും (ജയമ്മ) ചേർന്നാലപിച്ച ഭക്തിഗാനം നേരിൽ കണ്ടവർക്ക് ഇന്നും മറക്കാനാവാത്ത ഓർമ്മയാണ്.

1972-ൽ ഗ്രാമഫോണിൽ റെക്കോർഡ് ചെയ്ത ഈ പാട്ടിന് സംഗീതം നൽകിയിരുന്നത് ജയവിജയന്മാരാണ്. സെമി ക്ലാസിക്കൽ സ്പർശമുള്ള ഈ ഗാനത്തിൽ യേശുദാസിന്റെ തുടക്കകാല ശബ്ദത്തിന്റെ ഭാവുകത്വവും ജയമ്മയുടെ മൃദുലമായ സ്വരസൗന്ദര്യവും ചേർന്ന് ഒരവിസ്മരണീയത തീർത്തിരുന്നു. യേശുദാസിനൊപ്പം ജയമ്മ പാടിയ ഏക ഗാനമാണിതെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പാട്ട് കേട്ട് പിന്നീട് യേശുദാസ് സഹോദരിയോട് പറഞ്ഞത് — “സുശീലാമ്മയെപ്പോലെ പാടിയല്ലോ നീ” എന്നത് ഇന്നും സ്മരണയായിത്തന്നെ നില്ക്കുന്നു.

ALSO READ; 24 ന്യൂസ് ചെയര്‍മാനും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡൻ്റുമായ ആലുങ്കല്‍ മുഹമ്മദ് ഫോബ്സ് പട്ടികയില്‍

പണ്ട് തൃശ്ശൂർ ആകാശവാണിയിലെ ‘പ്രഭാതവന്ദനം’ എന്ന പരിപാടിയിലൂടെ ഈ ഗാനം പ്രഭാതസംഗീതമായി മുഴങ്ങാറുണ്ടായിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും രാവിലെയും വൈകീട്ടും ഈ ഭക്തിഗാനത്തിന്റെ ശാന്തമായ താളം പതിവായി കേൾക്കപ്പെട്ടിരുന്നു. ഗാനരചയിതാവ് എം. പരമേശ്വരൻ നായർ (എം.പി. ശിവം) — പാലക്കാട് സ്വദേശിയായ എഴുത്തുകാരനും സംഗീതജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രംപോലും ഇന്ന് അപൂർവമാണ്. ജയമ്മ സംഗീതം അഭ്യസിച്ചത് ജയവിജയന്മാരിലെ വിജയന്റെ കീഴിലായിരുന്നു. 1973-ലെ അമേരിക്കൻ പര്യടനത്തിനുശേഷം അവർ സംഗീതലോകത്തിൽനിന്ന് പിൻമാറി, 1975-ലാണ് അവരുടെ വിവാഹം.

1967 മുതൽ ജ്യേഷ്ഠനായ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങിയ ജയമ്മ മുംബൈയിലെ വേദിയിലും ഒരിക്കൽ പങ്കെടുത്തു. ആ കാലഘട്ടം യേശുദാസിന്റെ മുംബൈ സംഗീതയാത്രയുടെ അവിസ്മരണീയ അധ്യായമായിരുന്നു. അമേരിക്കയിലേക്ക് താമസം മാറുന്നതിനു മുൻപ്, ചെമ്പൂരിൽ മണ്ഡലപൂജക്കാലത്ത് യേശുദാസ് സൗജന്യമായി ഭക്തിഗാനമേളകൾ അവതരിപ്പിച്ചിരുന്നതും മുംബൈ മലയാളികൾക്ക് മറക്കാനാകില്ല. കാലം നീങ്ങിയെങ്കിലും, ആ സഹോദരഗാനത്തിന്റെ മധുരം ഇന്നും മൗനമായി മുഴങ്ങുന്നു — ആരാധനയുടെയും സംഗീതത്തിന്റെയും അതിരുകൾ മായ്ച്ചു ചേർന്നൊരു നിമിഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News