മതസ്പർധ വളർത്തുന്ന വ്യാജ വീഡിയോ പ്രചരണം; എൽ ഡി എഫ് പരാതിയിൽ പൊലീസ് കേസെടുത്തു

UDF Fake News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം നെ പൊതുജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനും ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താനും ലക്ഷ്യമിട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് എൽഡിഎഫ്. നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. എം. ഷൗക്കത്തലി പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി എൻ എസ്), 2023 ലെ 196(1)(a), 171 വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ 11.00 മണിയോടെയാണ് വ്യാജ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

“തിരിച്ചറിയണം ഇടതുപക്ഷത്തിന്റെ ഇസ്ലാമോഫോബിയ” എന്ന ആമുഖത്തോടുകൂടി ആരംഭിക്കുന്ന വീഡിയോയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗ വും തുടർന്ന് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യവും ആയത് കൂടാതെ സിപിഐ എമ്മിന്റെ പ്രധാന നേതാക്കളായ വി എസ് അച്യുതാനന്ദൻ, എ വിജയരാഘവൻ, മോഹനൻമാസ്റ്റർ എന്നിവർ പല വേദികളിൽ നടത്തിയ പ്രസംഗങ്ങളുടെയും ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ആയതിന്റെ സാഹചര്യങ്ങളെ കുറിച്ച് മനഃപൂർവ്വം പറയാതെ സിപിഐ എം മുസ്ലീം സമുദായത്തിന് എതിരാണ് എന്ന തരത്തിലാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്.

Also Read: മുഖ്യമന്ത്രി ഇന്നുമുതൽ നിലമ്പൂരിൽ; വിവിധ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

വീഡിയോയിലെ ഓരോ ക്ലിപ്പിങ്ങിനും താഴെ “സിപിഐ എം. മുസ്ലീം സമൂഹത്തിന് എതിരാണ്” എന്ന തരത്തിലുള്ള കുറിപ്പുകൾ നൽകിയിട്ടുണ്ട്. കൂടാതെ, “സംഘികളുടെ പ്രീതി കിട്ടാൻ മുസ്ലീം ജനതയെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ഇവരെ ഇനിയും വിശ്വസിക്കണോ” എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

സിപിഐ എം മുസ്ലീം സമുദായത്തിന് എതിരാണെന്ന് വരുത്തിത്തീർത്ത് ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അന്യായ സ്വാധീനം നേടാനാണ് വീഡിയോ ലക്ഷ്യമിടുന്നതെന്ന് നിലമ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി എം ഷൗക്കത്തലി പറഞ്ഞു.

മതസ്പർധ വളർത്താനും തെരഞ്ഞെടുപ്പിൽ അന്യായ സ്വാധീനം നേടാനും ശ്രമിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് എൽ ഡി എഫ് നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി എം ഷൗക്കത്തലി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News