
ഭക്ഷണം കേടാകാതെയിരിക്കാൻ നമ്മൾ ചെയ്യുന്ന ഒന്നാണ് അത് ഫ്രിഡ്ജിൽ വയ്ക്കുക എന്നത്. പിന്നീട് ആവശ്യത്തിന് അനുസരിച്ച് അവ ചൂടാക്കി കഴിക്കും. ഭക്ഷണം കേടാകാതെ സൂക്ഷിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഈ രീതിയിൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര നല്ലതല്ല. രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. ചില ഭക്ഷണ പദാർത്ഥങ്ങൾ ഇങ്ങനെ ചൂടാക്കി കഴിക്കുകയാണെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കൂടാതെ ഭക്ഷണത്തിന്റെ പോഷക ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും.
രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചോറ്
മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ഉപയോഗിച്ച് ബാക്കി വരുന്ന ചോറ് തിളപ്പിച്ച് വീണ്ടും ഉപയോഗിക്കുന്നത്. തുറന്ന പാത്രത്തിൽ കുറേ സമയം ചോറ് വച്ചാൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉണ്ടാകുന്നു. എത്ര തവണ ചൂടാക്കിയാലും ഈ ബാക്ടീരിയ പൂർണമായി നശിക്കണമെന്നില്ല. ഇതിലൂടെ വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഏറ്റവും നല്ല മാർഗം അരി വേവിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുക എന്നതാണ്.
also read:പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന പേടിയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ഉപയോഗിക്കല്ലേ..
ചീര, ബീറ്റ്‌റൂട്ട്
ചീരയും ബീറ്റ്‌റൂട്ടും പോലുള്ള ഇലവർഗങ്ങളിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആവർത്തിച്ച് ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ നൈട്രൈറ്റുകളായി മാറുന്നു. ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് പുതിയതായി പാചകം ചെയ്ത പച്ചക്കറികൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മാംസം / ചിക്കൻ
ചിക്കനിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരികയും അത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഊഷ്മാവിൽ വെച്ച ചിക്കൻ വീണ്ടും വീണ്ടും ചൂടാക്കുന്നതിന് പകരം ഫ്രിഡ്ജിൽ വെച്ചതിന് ശേഷം ഒരിക്കൽ മാത്രം ചൂടാക്കുന്നതാണ് നല്ലത്.
മുട്ട
പുഴുങ്ങിയതോ പൊരിച്ചതോ ആയ മുട്ട വീണ്ടും ചൂടാക്കുന്ന രീതി ഒഴിവാക്കണം. കാരണം മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ആവർത്തിച്ച് ചൂടാക്കുമ്പോൾ വിഷാംശമുള്ളതായി മാറാനുള്ള സാധ്യത എറെയാണ്. മുട്ട വിഭവങ്ങൾ ഉണ്ടാക്കിയ ഉടൻ തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉചിതമായ വഴി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

