വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെ; ഐ.എൻ.എൽ

inl

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എന്ന് കൊട്ടിഘോഷിച്ച വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിൻ്റെ തൊട്ടു പിന്നാലെ സർക്കാറിന്റെ അനുമതിയില്ലാതെ നടത്തിയ ഡീലിൽ അതൃപ്തിയുണ്ട് എന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി രംഗത്തുവന്നത് ഗുരുതരമായ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെയാണെന്ന് ഐ.എൻ.എൽ.

49 ശതമാനം ഓഹരി വിൽക്കാൻ അദാനി കമ്പനി മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുമായി ജൂൺ 23ന് കരാറിലേർപ്പെട്ടിരിക്കേ തങ്ങൾ ഒന്നും അറിയില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസിക്കാൻ പ്രയാസമുണ്ട്. കരാറിലെ വ്യവസ്ഥകൾ കർശനമായി പരിശോധിച്ച ശേഷമേ തുടർ നടപടി സ്വീകരിക്കുവെന്ന ഇപ്പോഴത്തെ പ്രഖ്യാപനം വീണിടത്തു കിടന്നുള്ള ഉരുളലാണ്. അദാനിയുമായി ഉറ്റ ചങ്ങാത്തമുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ അറിയാതെ ഓഹരി വിൽക്കാനും കരാറിലേർപ്പെടാനും തുനിയുമെന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അദാനി സതീശന്റെ മേൽ സ്വാധീനം സ്ഥാപിച്ചെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മൂന്ന് ദിവസം മുമ്പ് അദാനി ചാർട്ടർ ചെയ്ത വിമാനത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് മംഗലാപുരത്തേക്ക് പറന്നതും അദാനി ഗ്രൂപ്പ് മേധാവിയുമായി ചർച്ച നടത്തിയതുമെല്ലാം അങ്ങാടിപ്പാട്ടായെങ്കിലും ആ യാത്രയുടെ നിഗൂഢത ഇതുവരെ പുറത്തുകൊണ്ടുവരാൻ കോൺഗ്രസിനോ മാധ്യമങ്ങൾക്കോ കഴിയാതെ പോയത് മന:പ്പൂർവമായിരിക്കണം.

ALSO READ: ഷിഗല്ല രോഗവ്യാപനം: പത്തംനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണം; മന്ത്രി പി സി വിഷ്ണുനാഥിന് കത്ത് നൽകി കെ യു ജനീഷ് കുമാർ എംഎൽഎ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ സ്വത്താണ്. അദാനി ഗ്രൂപ്പ് തുറമുഖം നടത്തിപ്പുകാർ മാത്രമാണ്. തുറമുഖനിർമ്മാണത്തിന് അദാനി നിക്ഷേപിച്ചതിന്റെ ഇരട്ടി തുകയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് നടത്തിയ വൻ അഴിമതി നിറഞ്ഞ ഇടപാടായിരുന്നു ആ കരാർ. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന് പ്രവർത്തനക്ഷമമായതോടെ അദാനിയുടെ ഖജനാവിലേക്ക് കോടികൾ ഒഴുകുമ്പോൾ കേരളത്തിൻ്റെ വരുമാനം തുലോം തുച്ഛമാണ്. അദാനി എന്ന കോർപ്പറേറ്റ് ഭീമനെ നിലക്കുനിർത്തി വിഴിഞ്ഞം പോർട്ട് സംസ്ഥാനത്തിന്റെ അധീനതയിൽ തന്നെ നിലനിർത്താൻ എന്തുണ്ട് പോംവഴി എന്നതിനെക്കുറിച്ചാവണം ഇനി ചർച്ച ചെയ്യേണ്ടതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News