
സംസ്ഥാനത്തെ ഐ ടി ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയ്ക്ക് ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഈ പദ്ധതി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഹബ്ബ് ഐ ടി ഐകളായി സംസ്ഥാനത്തെ നാല് നോഡൽ ഐ ടി ഐകളായ തിരുവനന്തപുരം ചാക്ക, എറണാകുളം കളമശ്ശേരി, കോഴിക്കോട്, പാലക്കാട് മലമ്പുഴ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ ഹബ്ബിലും നാല് സ്‌പോക്ക് ഐ ടി ഐ എന്ന ക്രമത്തിൽ പതിനാറ് സ്‌പോക്ക് ഐ ടി ഐകൾ ഉണ്ടാകും. ഓരോ ഹബ്ബ് ഐറ്റിഐയ്ക്കും ഇരുന്നൂറ് കോടി രൂപ വീതവും സ്‌പോക്ക് ഐ ടി ഐകൾക്ക് നാൽപത് കോടി രൂപ വീതവുമാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ 50 ശതമാനം കേന്ദ്ര വിഹിതവും 33.3 ശതമാനം സംസ്ഥാന വിഹിതവും 16.6 ശതമാനം വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നുമാണ് ഉപയോഗിക്കുക. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: ഹൈസ്കൂൾ സമയമാറ്റം: യാതൊരു പരാതിയും വന്നിട്ടില്ല, കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടിALSO READ;
ഐ ടി ഐ വിദ്യാർത്ഥികൾക്ക് മാത്രമല്ല സാങ്കേതിക മേഖലയിലെ മറ്റു കോഴ്‌സ് ചെയ്യുന്ന വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഹബ്ബ് ഐ ടി ഐകളെ പ്രയോജനപ്പെടുത്താവുന്നതാണ്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷനും, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആന്റ് റെയിൽ ടെക്‌നോളജി എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കും. 290 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
ഐ.എം.ആർ.റ്റി. സയമബന്ധിതമായി സ്ഥാപിക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്നും യോഗത്തിൽ കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്‌സിന്റെ (ഐ.ഐ.എഫ്.എൽ) രണ്ട് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി. പതിനൊന്ന് കോടി രൂപ ചിലവിൽ ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ സ്ഥാപിക്കുന്ന ഈ കേന്ദ്രങ്ങൾ എറണാകുളം അങ്കമാലിയിലെ കെയ്‌സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും തിരുവനന്തപുരത്ത് കരമനയിലും ആണ് സ്ഥാപിക്കുന്നത്.
നൈപുണ്യ രംഗത്ത് ആവശ്യമുള്ള പരിശീലകരെ വാർത്തെടുക്കുന്നതിനായി ഒരു പുതിയ പദ്ധതി വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ഇത് നടപ്പിലാക്കാൻ ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഉറപ്പു നൽകി. കേരളത്തിലെ നൈപുണ്യ വികസന പ്രവർത്തനങ്ങളെ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് ജൂലൈയിൽ കേരളത്തിൽ എത്തിച്ചേരുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകിയതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

