ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി റസീന, എസ്ഡിപിഐയുടെ കാടത്തം തുടരുമ്പോൾ…

എസ്ഡിപിഐയുടെ സദാചാര ഗുണ്ടായിസത്തിന്റെ ആകെത്തുകയായി മാറിയിരിക്കുന്നു കണ്ണൂരിലെ റസീനയുടെ മരണം. ജനാധിപത്യ ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തിന് കനത്ത തിരിച്ചടിയായി മാറിയ ദാരുണ സംഭവമായി മാറുകയാണ് കണ്ണൂരില്‍ കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത്.

ജൂണ്‍ 15 ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ സുഹൃത്തിനോട് സംസാരിച്ചുനിന്നിരുന്ന റസീനയെ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായി സ്വദേശികളായ എം.സി മന്‍സിലില്‍ വി.സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ റഫ്‌നാസ് ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പൊലീസ് കണ്ടെത്തി.

ALSO READ: ‘ആർ എസ് എസ് അടയാളങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലമല്ല രാജ്ഭവൻ’: എം വി ഗോവിന്ദൻ മാസ്റ്റർ

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും, യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വ്യാജ ആരോപണങ്ങളും ഉയരുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് റസീന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകളുള്ളത്. റസീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇന്ത്യന്‍ സമൂഹലെ സ്ത്രീവിരുദ്ധ സമീപനങ്ങളുടെ നിസ്സാരമായ ഉദാഹരണമല്ല ഈ സംഭവം. പൊതുസ്ഥലത്ത് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ സംശയദൃഷ്ടിയോടെ കണ്ട്, അവളെ സാമൂഹിക നീതിന്യായത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള താളംതന്നെ തെറ്റിക്കുന്നതാണ്. അതിന് കുടപിടിച്ചിരിക്കുന്നവരാകട്ടെ നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും. സംഭവത്തിന്റെ വിശദമായ അന്വേഷണം തുടരുകയാണ് കൂടുതല്‍ പ്രതികളുണ്ടോ എന്ന തിരച്ചിലും ഊര്‍ജിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News