“തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്ന് നൽകിയാണ്​ സാനു മാഷിന്റെ മടക്കം”; എം വി ഗോവിന്ദൻ മാസ്റ്റർ

m k sanu mvg

പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്റെ വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പുരോഗമന ആശയങ്ങളുടെയും സാനു മാഷ് നമുക്ക് വെളിച്ചമേകി എന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്നുനൽകിയാണ്​ അദ്ദേഹത്തിന്റെ മടക്കമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


“അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ​ കേരളത്തിന്​ നഷ്ടമായിരിക്കുന്നത്​. ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച്​ നവോത്ഥാന ചിന്തകൾ കേരളത്തിന്​​ പകർന്നുനൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധപുലർത്തി. എക്കാലത്തെയും മികച്ച പ്രാസംഗികരിൽ ഒരാളെക്കൂടിയാണ്​ നമുക്ക്​ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാട്​ സാംസ്കാരിക കേരളത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്​ എന്നും മുന്നോട്ടുള്ള പാതയിൽ സാനുമാഷ്​ പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയങ്ങളും മുറുകെപ്പിടിക്കാൻ നമുക്കാകണം എന്നും ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ച് കൊണ്ട് പറഞ്ഞു.

ALSO READ : മലയാളിയുടെ അക്ഷരവിശുദ്ധി; നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തിന് വിട

അനുശോചനക്കുറിപ്പിന്റെ പൂർണരൂപം :

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ​ കേരളത്തിന്​ നഷ്ടമായിരിക്കുന്നത്​. ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച്​ നവോത്ഥാന ചിന്തകൾ കേരളത്തിന്​​ പകർന്നുനൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധപുലർത്തി. എക്കാലത്തെയും മികച്ച പ്രാസംഗികരിൽ ഒരാളെക്കൂടിയാണ്​ നമുക്ക്​ നഷ്ടമായിരിക്കുന്നത്​.​ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പുരോഗമന ആശയങ്ങളുടെയും അദ്ദേഹം നമുക്ക് വെളിച്ചമേകി. തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്നുനൽകിയാണ്​ അദ്ദേഹത്തിന്റെ മടക്കം.

ALSO READ: “സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല”; മന്ത്രി വി ശിവൻകുട്ടി

അധ്യാപകൻ, വാഗ്മി, ജീവചരിത്രകാരൻ, നിരൂപകൻ, പത്ര, സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകൾ ചുരുക്കമാണ്​. ആഴമേറിയ ചിന്തകളാൽ സമൃദ്ധമായ നിരവധി പുസ്തകങ്ങളും മലയാളത്തിന്​ സമ്മാനിച്ചു. എംഎൽഎയെന്ന നിലയിൽ മികച്ച ജനപ്രതിനിധിയായും പേരെടുത്തു. ജീവിത്തിന്റെ അവസാന നാളുകളിൽപ്പോലും ആരോഗ്യപരമായ അവശതകൾ അവഗണിച്ചും അദ്ദേഹം സാംസ്കാരിക വേദികളിൽ സജീവമായി.

വാർധക്യത്തെ ബ‍ൗദ്ധിക ഇടപെടലുകളാൽ നിത്യയ‍ൗവനമാക്കാൻ സാധിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ സാനുമാഷെ തേടിയെത്തിയത്​ അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. അറിവിന്റെ ഉന്നത ഗോപുരമായി വിളങ്ങുമ്പോഴും ലളിത ജീവിതം നയിക്കാനും അദ്ദേഹത്തിന്​ സാധിച്ചു.

ALSO READ : ‘പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ’; മമ്മൂട്ടി

സാനുമാഷെ അടുത്തറിയാനും വേദികൾ പങ്കിടാനും നിരവധി അവസരമുണ്ടായിട്ടുണ്ട്​. നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച്​ മുന്നോട്ട്​ പോകാൻ ആത്മധൈര്യം പകരുന്നതായിരുന്നു ഓരോകൂടിക്കാഴ്ചയും. വർഗീയതയ്ക്കും വിഭജന രാഷ്ട്രീയ നിലപാടുകൾക്കും എതിരെ അതിശക്തമായ നിലപാടുകളാണ് സാനുമാഷ് എക്കാലവും സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ വേർപാട്​ സാംസ്കാരിക കേരളത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്​. മുന്നോട്ടുള്ള പാതയിൽ സാനുമാഷ്​ പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയങ്ങളും മുറുകെപ്പിടിക്കാൻ നമുക്കാകണം.

സാനുമാഷിന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.
ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News