
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് കാസർഗോഡ് പടന്നയിലെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ രാജി വച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഖമറുദ്ധീൻ പി കെ, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പികെ സി, ട്രഷറർ ജലീൽ ഒരിമുക്ക്, വൈ. പ്രസിഡൻ്റുമാരായ അഷ്ക്കർ പി പി, സയീദ് ദാരിമി, ജോ. സെക്രട്ടറിമാരായ മുഹമ്മദ് തെക്കേക്കാട്, ജംഷാദ് എടച്ചാക്കൈ എന്നിവരാണ് രാജിവെച്ചത്. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.
പടന്ന പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട യുഡിഎഫിലെ തർക്കം രൂക്ഷമായതോടെയാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പരിഗണിച്ചിരുന്നില്ല. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധമുയർത്തി മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നേതാക്കളെ ഉപരോധിച്ചിരുന്നു. വർഷങ്ങളായി പടന്ന ഗവൺമെൻ്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളും, ടൗൺ ക്ലബിലെ യുവാക്കളും ഉപയോഗിക്കുന്ന പടന്ന മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള മൈതാനത്ത് ഓഡിറ്റോറിയം നിർമ്മിക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകരുടെ എതിർപ്പ് പരിഗണിച്ചില്ല. പടന്ന പഞ്ചായത്തിലെ ആറു വാർഡുകളിൽ പ്രവർത്തകരുടെ പരിഗണിക്കാതെ സ്ഥാനാർത്ഥികളെ നിർണയിച്ചുവെന്നും വിമർശനമുണ്ട്.
പ്രതിഷേധമുയർത്തിയതിന് പിന്നാലെ യൂത്ത് ലീഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് ശരിയായ രീതിയിൽ അല്ലെന്നും കമ്മറ്റിക്ക് വിശ്വാസ്യതയില്ലെന്നും വിമർശനമുയർത്തി ചില മുസ്ലിംലീഗ് നേതാക്കൾ രംഗത്തെത്തി. നവംബർ രണ്ടിന് ചേർന്ന കൺവെൻഷനിൽ തെരഞ്ഞെടുത്ത കമ്മിറ്റിയാണ് മുസ്ലിം ലീഗ് നേതൃവുമായുള്ള തർക്കത്തെ തുടർന്ന് ഒരുമിച്ച് രാജിവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

