ലോകായുക്ത പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ഒരു തെറ്റ് ചെയ്താല്‍ അത് സത്യമാണെന്ന് തെളിയിക്കാന്‍ പല തെറ്റുകള്‍ പിന്നീട് ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അയാള്‍ തുറന്നു കാട്ടപ്പെടുകയും നിര്‍ദാക്ഷിണ്യം ചവിട്ടിയരക്കപ്പെടുകയും ചെയ്യും. ബന്ധുമിത്രാതികളാല്‍ വെറുക്കപ്പെടും. സമൂഹമധ്യമങ്ങളില്‍ അവഹേളിക്കപ്പെടും. വാഴ്ത്തിയവരെല്ലാം പുലഭ്യം പറയും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നേരിടുന്ന കേട്ടാല്‍ അറക്കുന്ന തെറി വിളികള്‍

ഒരാള്‍ക്ക്, അയാള്‍ ആരോ ആവട്ടെ, ഒരു വര്‍ഷം ഡെപ്യൂട്ടേഷന്‍ നല്‍കി നിയമിച്ചതിന്റെ പേരിലാണ് മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ സ്വജനപക്ഷപാതം കാണിച്ചു എന്നു പറഞ്ഞ് ലോകായുക്ത സിറിയക് ജോസഫ് 2021 ല്‍ വിചിത്രമായ ഒരു വിധി പുറപ്പെടുവിച്ചത്. സിറിയക്ക് അയോഗ്യനെന്ന് പറഞ്ഞ ജലീലിന്റെ ബന്ധു ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ എറണാങ്കുളത്തെ ചീഫ് മാനേജരായി പ്രവര്‍ത്തിക്കുന്നു.

ജലീലിന് ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സിറിയക് ജോസഫ് അന്തിമ വിധി പറഞ്ഞത്. വാദം കേട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് അന്തിമ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ എടുത്തത് പത്ത് ദിവസം മാത്രമാണ്. കോടതി വ്യവഹാര ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത ‘വേഗത’യെന്ന് ഇതിനെ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ജലീലിന്റെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെ മിന്നല്‍ വേഗതയില്‍ പുറപ്പെടുവിച്ച പ്രമാദ വിധിയുടെ പിന്നില്‍ കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാരുടെ താല്‍പര്യവും ലീഗിന്റെ ഇടപെടലും കോണ്‍ഗ്രസിന്റെ സ്വാധീനവും എല്ലാം ഇഴകിച്ചേര്‍ന്നിരുന്നു.

Also Read: രക്ഷപെട്ടത് കത്തിച്ച ട്രെയിനില്‍ തന്നെ; പ്രതിയുടെ മൊഴി ഇങ്ങനെ

അഡ്വ: ജോര്‍ജ് പൂന്തോട്ടമായിരുന്നു ലോകായുക്തയിലെ ലീഗിന്റെ വക്കീല്‍. ജലീലിനെതിരെ വിധി വാങ്ങിക്കൊടുത്താല്‍ യു.ഡി.എഫ് അധികാരത്തില്‍ വരുന്ന പക്ഷം അഡ്വക്കറ്റ് ജനറല്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പായിരുന്നു പൂന്തോട്ടത്തിന്റെ പ്രതിഫലം. ജസ്റ്റിസ് സിറിയക് ജോസഫും ജോര്‍ജ് പൂന്തോട്ടവും തമ്മിലുള്ള ‘അന്തര്‍ധാര’ ലീഗിന് നന്നായി അറിയാമായിരുന്നു. ലീഗിന്റെ എക്കാലത്തെയും വലിയ രാഷ്ട്രീയ എതിരാളിയായ ജലീലിന്റെ രാഷ്ട്രീയ വനവാസമാണ് പ്രതികൂല വിധിയിലൂടെ ലീഗ് സ്വപ്നം കണ്ടത്. ആ വിധിയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയതില്‍ പോലും ബാഹ്യ ഇടപെടലുകള്‍ നടന്നതായി ലീഗ് കേന്ദ്രങ്ങളില്‍ സംസാരമുണ്ടായിരുന്നു.വിധി ശരിയാംവിധം വായിച്ചാല്‍ ജസ്റ്റിസ് സിറിയക്കിന്റെ ”നിയമ പരിജ്ഞാനം’ അറിയുന്നവരാരും അത് നിഷേധിക്കില്ല. വിധിയെഴുതാത്ത ജഡ്ജി എന്ന് അദ്ദേഹത്തിന് പേര് വീണത് പരസഹായമില്ലാതെ വിധി എഴുതാന്‍ സിറിയക്കിന് അക്ഷരാര്‍ത്ഥത്തില്‍ അറിയാത്തത് കൊണ്ടുകൂടിയാണ്.

മുന്‍മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരെ വന്ന പരാതി ഫയലില്‍ സ്വീകരിച്ച് ടീച്ചര്‍ക്ക് നോട്ടീസയക്കാന്‍ ലോകായുക്ത തയ്യാറായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദുവിനെതിരെയുള്ള പരാതി ലോകായുക്ത തളളി. മുഖ്യമന്ത്രിക്കെതിരെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ അപാകത ചൂണ്ടിക്കാണിച്ച് നല്‍കപ്പെട്ട പരാതിയില്‍, ജലീലിനെതിരെ സ്വീകരിച്ച സമീപനം ലോകായുക്ത സ്വീകരിക്കുമെന്നാണ് മാധ്യമങ്ങളും പിണറായി വിരുദ്ധരും കരുതിയത്. ഒരുനിലക്കും ഗ്രൗണ്ടില്ലാത്ത പരാതിയില്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ലോകായുക്തക്ക് തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. അത്രയും ദുര്‍ബലമായ കേസാണത്. അതോടെ ജലീലിനെതിരെ വിധി പറഞ്ഞപ്പോള്‍ ലോകായുക്തയെ പാടിപ്പുകഴ്ത്തി തലയിലേറ്റി നടന്നവര്‍ തന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ അനുഭവം ദയനീയമാണ്. ജസ്റ്റിസ് സിറിയക് ജോസഫ് ജലീലിനോട് ചെയ്ത അന്യായത്തിന്റെ ശമ്പളമായേ അതിനെ കാണാനാകൂ. രാജ്യ ചരിത്രത്തില്‍ ഇത്രമാത്രം അവഹേളനം പേറിയ മറ്റൊരു ന്യായാധിപനും ഉണ്ടാവില്ല.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജലീലിന്റെ കേസില്‍ വിധി പറയാനാണ് ലോകായുക്ത പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കേസിലെ കക്ഷിയായിരുന്ന മൈനോറിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് തനിക്ക് സുപ്രീം കോടതിയില്‍ കേസുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തെളിവുകള്‍ സഹിതം കോര്‍പ്പറേഷന് പറയാനുള്ളത് കേള്‍ക്കാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് മെയ്ല്‍ വഴി ലോകായുക്തയോട് ആവശ്യപ്പെട്ടു. അത് സ്വീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് പൊട്ടാനുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞ് നടന്നിരുന്ന ‘ബോംബ്’ തക്കസമയത്ത് പൊട്ടിക്കാനുള്ള സിറിയക്കിന്റെ നീക്കം പാളിയത്.

ജലീലിന്റെ രക്തത്തിന് വേണ്ടി ഓടി നടന്നവര്‍ വിധി ആഘോഷിക്കുകയും സിറിയക്കിന്റെ ‘നീതി ബോധത്തെ’വാനോളം പുകഴ്ത്തുകയും ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലോ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തതിലോ ഖുറാന്‍ കോപ്പികള്‍ കൈപ്പറ്റിയതിലോ യാതൊരു അപാകതയും കണ്ടെത്താന്‍ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മഷിയിട്ട് നോക്കിയിട്ടും കഴിയാത്തത് ജലീല്‍ വിരുദ്ധരെ വല്ലാതെ നിരാശരാക്കിയിരുന്നു. അതില്‍ വലിയ അരിശം ബന്ധപ്പെട്ടവര്‍ക്ക് ജലീലിനോട് ഉണ്ടായത് സ്വാഭാവികം. കിട്ടിയത് ലാഭമെന്ന മട്ടില്‍ കാവല്‍ മന്ത്രിസഭയില്‍ നിന്നുള്ള ജലീലിന്റെ രാജി ലീഗും കോണ്‍ഗ്രസ്സും മഹോല്‍സവമാക്കി.

സിറിയക് ജോസഫ് ചെയ്ത മഹാപാപങ്ങളെല്ലാം നാട്ടില്‍ കടല വില്‍ക്കുന്ന കുട്ടികള്‍ വരെ വിളിച്ച് പറയാന്‍ തുടങ്ങിയത്, ചെയ്ത പാപത്തിന്റെ ഫലമല്ലാതെ മറ്റെന്താണ്? യു.ഡി.എഫ് ഭരണകാലത്ത് മാണി സാറിന്റെ പിന്നില്‍ തൂങ്ങി ആദ്യം ഗവ: പ്ലീഡറും സീനിയര്‍ പ്ലീഡറും അഡീഷണല്‍ അഡ്വക്കറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമെല്ലാമായി. അതു കഴിഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി. ബിഷപ്പുമാരെ കളത്തിലിറക്കി ലോകായുക്തയുമായി. മര്യാദക്ക് ഒരു വിധിയെഴുതാന്‍ അറിയാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാനങ്ങളില്‍ എത്തിയത് രാഷ്ട്രീയ യജമാനന്‍മാരുടെ കാല് തിരുമ്മിയും പെട്ടി പിടിച്ചുമാണ്. ഇന്‍ഡ്യന്‍ ജുഡീഷ്യറിയിലെ പുഴുക്കുത്ത് എന്നാണ് അറ്റോര്‍ണി ജനറല്‍ തന്നെ സുപ്രീം കോടതിയില്‍ സിറിയക്കിനെ വിശേഷിപ്പിച്ചത്.

തന്റെ ജഡ്ജി സ്ഥാനം ഉപയോഗിച്ചാണ് വെറും ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകനായ അനുജ സഹോദരന്‍ ജെയിംസ് ജോസഫിനെ അദ്ദേഹം ഹയര്‍ സെക്കന്റെറിയുടെ ഡയറക്ടറാക്കിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് ലീഗിന്റെ മുതിര്‍ന്ന നേതാവിനെ കുറ്റവിമുക്തനാക്കിയ വിധിയുടെ പ്രതിഫലമായി സഹോദര ഭാര്യ ജാന്‍സി ജെയിംസിന് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം സിറിയക് ഒപ്പിച്ചെടുത്തു. താന്‍ ചെയ്ത കള്ളത്തരങ്ങള്‍ മണ്ണിട്ടുമൂടാന്‍ ഒരാള്‍ ന്യായാധിപ കസേരയില്‍ തന്റെ പിന്തുടര്‍ച്ചക്കാരിയായി ഉണ്ടാകണമെന്ന ചിന്തയാണ് സഹോദര പുത്രി തുഷാരാ ജെയിംസിനെ ഹൈക്കോടതി ജഡ്ജിയാക്കി കൊളീജിയത്തെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാനുള്ള ഗൂഢനീക്കത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം. അതിന് എന്ത് വൃത്തികേടും സിറിയക് ചെയ്യുമെന്നുറപ്പാണ്. ചെറുപ്രായത്തില്‍ തുഷാര ജഡ്ജിയായാല്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ആകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് ഒരു മുഴം മുന്നേയുള്ള സിറിയക്കിന്റെ എറിച്ചില്‍. അങ്ങിനെ വന്നാല്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ജുഡീഷ്യറിയില്‍ തന്നെ സ്വന്തക്കാരിയായ ഒരു പരിചയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. താനിരിക്കുന്ന പദവികള്‍ ഉപയോഗിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും അനര്‍ഹമായി തിരുകി കയറ്റുന്നതില്‍ ഒരു ‘ഓസ്‌കാര്‍’ഏര്‍പ്പെടുത്തിയാല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അതു നേടുന്നയാള്‍ ജസ്റ്റിസ് സിറിയക് ജോസഫാകും.

പണവും പദവികളും തരാതരം പോലെ വാങ്ങി അപൂര്‍വ്വമായി വിധി പറയുകയും കേസുകള്‍ അനന്തമായി നീട്ടുകയും ചെയ്താണ് നന്‍മ അശേഷം തൊട്ടു തീണ്ടാത്ത ജസ്റ്റിസ് സിറിയക് ജോസഫ് അവഹേളനം സഹിച്ച് ലോകായുക്ത പദവിയില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നത്. കര്‍ണ്ണാട ചീഫ് ജെസ്റ്റിസ് ആയിരിക്കെ കമ്മീഷന്‍ കിട്ടിയ കൊറോള കാറിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഇക്കാലമത്രയും യാത്ര ചെയ്തത് എന്ന ആരോപണം ഉയര്‍ന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ആരോ അത് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായ അന്ന് അപ്രത്യക്ഷമായതാണ് പ്രസ്തുത കാര്‍. അഭയ കേസിലെ ഒന്നാം പ്രതിയും തന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിന്റെ ജേഷ്ഠനുമായ ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ സിറിയക് ജോസഫ് നടത്തിയ കള്ളക്കളികള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ജസ്റ്റിസ് സിറിയക് അഭയാ കേസ് പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ബാഗ്ലൂരിലെ ലാബില്‍ എത്തി കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികളുടെ വക്കീലിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച പ്രതികള്‍ നല്‍കിയ ക്രിമിനല്‍ അപ്പീല്‍, സീനിയോറിറ്റി മറികടന്ന് പരിഗണിക്കാന്‍ പാടില്ലെന്ന നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയതിന് പിന്നിലും സിറിയക് ജോസഫിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

കേരള ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ക്ക് കൊടുക്കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം തട്ടിയെന്ന ആക്ഷേപത്തില്‍ അന്വേഷണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിലുള്ള അവിഹിത ബാന്ധവം നാട്ടില്‍ അങ്ങാടിപ്പാട്ടാണ്. സിറിയക് കര്‍ണ്ണാടക ചീഫ് ജസ്റ്റിസായിരിക്കെ സൈബി ബാഗ്ലൂരിലേക്ക് പ്രാക്ടീസ് മാറ്റിയതും സിറിയക് സുപ്രീംകോടതിയില്‍ ജഡ്ജിയായിരിക്കെ ‘ജുഡീഷ്യല്‍ ബ്രോക്കറായി’ സൈബി ജോസ് ഡല്‍ഹിയിലേക്ക് സ്ഥിരമായി പറക്കാറുള്ളതും കോടതി വരാന്തകളിലെ രഹസ്യമായ പരസ്യമാണ്. കെ.ടി ജലീലും ഞാനും നിരവധി തവണ സിറിയക്കിനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം ഉരിയാടാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത് ചെയ്തുകൂട്ടിയ മഹാപരാധങ്ങള്‍ പുറത്തുവരും എന്ന ഭയം കൊണ്ടാണ്. സിറിയക് ജോസഫിന്റെ തനിനിറം കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ എന്റെ ‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’എന്ന പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതി.

എഴുപത്തിയാറാം വയസ്സിലും മൂന്ന് ലക്ഷത്തിലധികം ശമ്പളം പറ്റി സുഖിച്ച് മഥിച്ച് നടക്കുന്ന സിറിയക് ജോസഫ്, നീതിന്യായ രംഗത്ത് ഒരാള്‍ എങ്ങിനെ ആവരുത് എന്നതിന്റെ മകുടോദാഹരണമാണ്. നീതി ദേവതയെ നിഷ്‌കരുണം മാനഭംഗപ്പെടുത്തിയ ഹൃദയ ശൂന്യന്‍. സിറിയക് തന്റെ ജുഡീഷ്യല്‍ ജീവിതത്തിനിടയില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും വിരലിലെണ്ണാവുന്ന വിധികളും പഠനത്തിന് വിധേയമാക്കുന്ന ഏതൊരു നിയമ വിദ്യാര്‍ത്ഥിക്കും മേല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പ്രഥമ വിശകലനത്തില്‍ തന്നെ ബോദ്ധ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News