മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ച ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം കുംഭമേളയിലെ ദുരന്തം ബിജെപി സര്‍ക്കാരിന് വന്‍തിരിച്ചടിയായി. വിഐപികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വഴിയടച്ചതാണ് അപകട കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
റിട്ടയേര്‍ഡ് ജഡ്ജി ഹര്‍ഷകുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ ഡി കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുളള മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണം ആരംഭിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ പൊലീസും സമാന്തര അന്വേഷണം നടത്തും.
ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. കുംഭമേളയിലെ ദുരന്തം കേന്ദ്രസര്‍ക്കാരിനും യുപി സര്‍ക്കാരിനും വലിയ തിരിച്ചടി. ദില്ലി തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം യോഗി ആദിത്യനാഥ് കുംഭമേള ചൂണ്ടിക്കാട്ടിയായിരുന്നു എഎപി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വരുന്ന ഫെബ്രുവരി 5ന് പ്രധാനമന്ത്രിയും 7ന് രാഷ്ട്രപതിയും കുംഭമേളയില്‍ എത്താനിരിക്കെയാണ് സുരക്ഷാ വീഴ്ച.
മേളയില്‍ എത്തുന്ന വിഐപികള്‍ക്ക് വഴിയൊരുക്കാനുളള ശ്രമത്തിലാണ് ഭരണകൂടമെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. മൗനി അമാവാസി ദിനത്തില്‍ കോടിക്കണക്കിന് ഭക്തര്‍ എത്തുമെന്ന് അറിവുണ്ടായിട്ടും വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താത്തതാണ് അപകട കാരണമെന്ന ആക്ഷേപവും ശക്തമാണ്.
Also Read: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞയാഴ്ച കുംഭമേളയില്‍ വന്‍ തീപിടിത്തം ഉണ്ടാകുകയും പത്തോളം ടെന്റുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. യുപിയില്‍ ആഘോഷങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ഇടയില്‍ ദുരന്തം ഉണ്ടാകുന്നത് സാധാരണമാണ്. കഴിഞ്ഞയാഴ്ച ലഡു മഹോത്സവത്തിനിടെ മുള കൊണ്ടുണ്ടാക്കിയ പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആള്‍ദൈവം ഭോലേ ബാബയുടെ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലും 120ലധികം പേര്‍ മരിച്ചത്. എല്ലാ ദുരന്തങ്ങളിലും അന്വേഷണം വെറും പ്രഹസനമായി മാറുകയും ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

