മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും വിമത നീക്കങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ നിന്ന് ആറ് ലോക്‌സഭാ എംപിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്. ഓപ്പറേഷൻ ടൈഗർ’ എന്ന പേരിൽ ചർച്ചയാകുന്ന ഈ രാഷ്ട്രീയ നീക്കം യാഥാർഥ്യമായാൽ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് കനത്ത തിരിച്ചടിയും ഷിൻഡെ പക്ഷത്തിന് നിർണായക വഴിത്തിരിവുമാകും.
ശിവസേന (യുബിടി)യ്ക്ക് നിലവിൽ ഒമ്പത് ലോക്‌സഭാ എംപിമാരാണുള്ളത്. ഇവരിൽ ആറ് പേർ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് ഷിൻഡെ വിഭാഗത്തോടൊപ്പം ചേരാൻ നീക്കം നടത്തുകയാണെന്നാണ് റിപ്പോർട്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ രണ്ടിൽ മൂന്നിന്റെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനിടെ മാതോശ്രീയിൽ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് വിട്ടുനിന്ന ആറ് എംപിമാരുടെ നീക്കവും അഭ്യൂഹങ്ങൾക്ക് ശക്തിപകരുകയാണ്. പാർലമെന്റിൽ ശിവസേന വിഭാഗത്തോടൊപ്പം പ്രവർത്തിക്കാനുള്ള തീരുമാനത്തിലേക്ക് അവർ ഇതിനകം എത്തിയെന്നാണ് ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ഈ നീക്കത്തിന്റെ ഭാഗമായി ചില നിയമപരവും രാഷ്ട്രീയപരവുമായ നടപടികൾ അവസാനഘട്ടത്തിലാണെന്നും ജൂൺ 19-നകം കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നുമാണ് സൂചന. അതെ സമയം പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്ന നിലപാടിലാണ് ഉദ്ധവ് താക്കറെ. നാല് വർഷം മുമ്പ് പാർട്ടിയിലുണ്ടായ പിളർപ്പിന് നാൽപ്പത് എംഎൽഎമാർ നടത്തിയ നീക്കവും തനിക്കറിയാമായിരുന്നുവെന്നാണ് താക്കറെ എംപിമാരോട് പറഞ്ഞത്. 2022-ൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമതനീക്കത്തിന് ശേഷം ശിവസേനയിൽ ഉണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ കരുനീക്കമാകും ഇത്. ആറ് എംപിമാരുടെ പിന്തുണ ലഭിച്ചാൽ ലോക്‌സഭയിലെ ശിവസേനയുടെ ശക്തിസമവാക്യത്തിലും മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓപ്പറേഷൻ ടൈഗർ യാഥാർഥ്യമാകുമോ, അതോ അവസാന നിമിഷം സമവായനീക്കങ്ങളിലൂടെ ഉദ്ധവ് താക്കറെ തന്റെ എംപിമാരെ നിലനിർത്തുമോ എന്നതാണ് ഇനി മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

