
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴി അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനായി കേരള മാരിറ്റൈം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി എന്ന ഡ്രഡ്ജർ എത്തിച്ച് ഡ്രഡ്ജിംഗ് പ്രവൃത്തികൾ, ആർടിഎഫ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന നടത്തിവരുന്നതായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കമ്മീഷനെ അറിയിച്ചു.
60 മണിക്കൂർ മണൽ നീക്കുന്നതിനുള്ള കരാറാണ് കമ്പനിയുമായി ഒപ്പുവച്ചത്. ഇതിൽ 40 മണിക്കൂർ മണൽ നീക്കം ചെയ്തു കഴിഞ്ഞപ്പോൾ ഡ്രഡ്ജ്‌റിന് തകരാർ സംഭവിച്ചതിനാൽ ഡ്രഡ്ജിംഗ് പ്രവൃത്തികൾ മുടങ്ങിയതായും യന്ത്രത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി നിർമ്മാണ കമ്പനിയെ സമീപിച്ചിട്ടുണ്ടെന്നും തകരാർ ഉടനടി പരിഹരിച്ച് ഡ്രഡ്ജിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ കമ്മീഷനെ അറിയിച്ചു.
പൊഴിമുഖത്തെ മണൽ നീക്കത്തിലെ അനിശ്ചിതത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച കമ്മീഷൻ, മണൽ നീക്കം ചെയ്യുവാൻ ചുമതലപ്പെടുത്തിയ കമ്പനിയുമായുണ്ടാക്കിയ കരാർ ഉൾപ്പെടെ വിശദമായ റിപ്പോർട്ട് അടിയന്തരമായി കമ്മീഷന് സമർപ്പിക്കുവാൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
നിലവിൽ അഴിമുഖം സഞ്ചാരയോഗ്യമല്ലാത്ത വിധം മണൽ മൂടി കിടക്കുന്നതിനാൽ കോസ്റ്റൽ പോലീസിന്റെ ഇൻട്രാസെപ്റ്റർ ബോട്ടുകൾക്കും എൻഫോഴ്‌സ്‌മെന്റ് ബോട്ടുകൾക്കും കടലിൽ പട്രോളിംഗ് നടത്തുന്നതിനും രക്ഷാ പ്രവർത്തനം നടത്തുന്നതിനും പോകാൻ പറ്റാത്ത അവസ്ഥയിലാണെന്ന് തീരദേശ പോലീസ് കമ്മീഷൻ മുമ്പാകെ അറിയിച്ചു.
കാലവർഷക്കെടുതികളും കടൽക്ഷോഭവും കണക്കിലെടുത്ത് കോസ്റ്റൽ പോലീസിന് രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനും കഴിയും വിധം, ഡ്രഡ്ജിംഗിലെ അനിശ്ചിതത്വം നീക്കി മണൽ നീക്കം പുനരാരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ ജില്ലാ ഭരണകൂടത്തിന് കമ്മീഷൻ നിർദ്ദേശം നൽകി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here