ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ അടിയന്തര നിർദ്ദേശം നൽകി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായതോടെയാണ് ഇന്ത്യൻ എംബസി ഈ നിർണ്ണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് നിർദ്ദേശം. 2026 ജനുവരിയിൽ നൽകിയ മുൻകൂർ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ കർശന നടപടി.
ALSO READ : 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു
നിലവിലെ സാഹചര്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന ഇടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും എംബസി നിർദ്ദേശിച്ചു. പാസ്‌പോർട്ടും മറ്റ് തിരിച്ചറിയൽ രേഖകളും എപ്പോഴും കൈവശം കരുതണം.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളും (+989128109115, +989128109109) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താൻ എല്ലാ പൗരന്മാരും ശ്രദ്ധിക്കണമെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
ALSO READ : മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ
ഇറാനിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രണ്ടാം ദിവസവും തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം മുറുകുന്നത്. ആണവ കരാറുമായി ബന്ധപ്പെട്ട് ജനീവയിൽ വരാനിരിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് അത് ദോഷകരമായി ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മേഖലയിൽ ഏത് നിമിഷവും സൈനിക നീക്കം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

