കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് കഴിഞ്ഞ ഒൻപത് വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് സർക്കാരിന്റെ ഓരോ പരിപാടിക്കും ഇത്രയധികം ജനപിന്തുണ ലഭിക്കുന്നതിന്റെ അടിസ്ഥാനപരമായ കാര്യം. 2016 ന് മുമ്പത്തെ കേരളത്തിൽ നിന്ന് വികസനത്തിന്റെ കാര്യത്തിൽ ബഹുദൂരം മുമ്പിലാണ് 2025 ലെ കേരളം അതാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടികളെ ഏറ്റവും അധികം ചൊടിപ്പിക്കുന്ന വസ്തുതയും.
കേരളത്തിലെ ഏത് മണ്ഡലമെടുത്താലും വികസനത്തിന്റെ നേർകാഴ്ചകൾ കാണാൻ സാധിക്കും. 2016ന് മുമ്പ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ കാഴ്ചകൾ ഇപ്പോഴുള്ളതു പോലെ ആയിരുന്നില്ല. പകരം രോഗികൾ മരുന്നിനായി പുറത്തേക്ക് ഓടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കൂടാതെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ലെന്ന് മാത്രമല്ല, കുട്ടികളെ പോലും നിലത്തു കിടത്തിയായിരുന്നു ചികിത്സിച്ചിരുന്നത്. അസൗകര്യങ്ങളുടെ പര്യായമായിരുന്നു അക്കാലത്ത് നിലമ്പൂർ ജില്ലാ ആശുപത്രി.
എന്നാൽ കാലം മാറി, ഒൻപത് വർഷങ്ങൾ കഴിഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അസൗകര്യങ്ങൾ മാത്രമാണ് എന്ന് വാർത്ത കൊടുത്തിരുന്ന മാധ്യമങ്ങൾ ഇപ്പോൾ വർണിക്കുന്നത് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളെ പറ്റി മാത്രമാണ്. ദുരന്തമുഖത്ത് എങ്ങനെയായിരിക്കണം ആശുപത്രികൾ പ്രവർത്തിക്കേണ്ടത് എന്നതിന്റെ മാതൃകയായി നിലമ്പൂർ ജില്ലാ ആശുപത്രി മാറിയെന്ന് എല്ലാ മാധ്യമങ്ങൾക്കും തുറന്നുസമ്മതിക്കേണ്ടി വന്നു.
അസൗകര്യങ്ങൾ നിറഞ്ഞയിടം ഇന്ന് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ നിറഞ്ഞയിടമായി മാറി. മലപ്പുറം ജില്ലയിലെ ആദ്യ ജെറിയാട്രിക്ക് വാർഡ് നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ്. പക്ഷാഘാത ചികിത്സക്കുള്ള സ്ട്രോക്ക് യൂണിറ്റ്, ഹൃദ്രോഗത്തിന് പ്രത്യേക ഐസിയു എന്നിവ ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സ്വന്തമായുണ്ട്. കൂടാതെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കാത്ത് ലാബിനായി അഞ്ച് കോടി രൂപയും സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Also Read: നിലമ്പൂരിലെ സമയകളികൾ; യുഡിഎഫിനും, അൻവറിനും പിഴച്ച ആ സമയമാണ് എൽ ഡി എഫ് ജയിച്ചത്
പ്രവർത്തന മികവിനും, അത്യാധുനിക ചികിത്സാസൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുകയും ചെയ്തതിനും നിലമ്പൂർ ജില്ലാ ആശുപത്രിയെ തേടിയെത്തിയത് രണ്ട് ദേശീയ അംഗീകാരങ്ങളാണ്. മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്കോറോടെയാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം നിലമ്പൂർ ജില്ലാ ആശുപത്രി നേടിയത്.
ഒരു കാലത്ത് മതിയായ കിടക്ക സൗകര്യങ്ങളില്ലാതിരുന്ന ആശുപത്രി ഇപ്പോൾ മാതൃ ശിശു പരിചരണ സൗകര്യത്തിൽ ദേശീയ അംഗീകാരമായ ലക്ഷ്യ അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. മെറ്റേണൽ ഓപ്പറേഷൻ തിയേറ്ററന് 95.74 ശതമാനം സ്കോറും ലേബർ റൂമിന് 90.25 ശതമാനം സ്കോറും നേടിയാണ് ആശുപത്രി ലക്ഷ്യ അംഗീകാരം സ്വന്തമാക്കിയത്.
കിടത്തി ചികിത്സിക്കാൻ പോലും സൗകര്യമില്ലാതിരുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലിപ്പോൾ ഉള്ളത് 300-ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്. രക്തഘടകങ്ങൾ വേർതിരിക്കാനുൾപ്പെടെയുള്ള സൗകര്യങ്ങളുള്ള രക്തബാങ്ക്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നീ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ അത്യാഹിതവിഭാഗം, ജനറൽ സ്പെഷ്യാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് ഇപ്പോൾ ആശുപത്രിയിൽ ലഭ്യമാകുന്നത്. ദിവസവും രണ്ടായിരത്തിലധികം ആളുകളാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഓപിയിൽ ചികിത്സ തേടി എത്തുന്നത്.
ആരോഗ്യമേഖലയിൽ ഇടതുപക്ഷം സൃഷ്ടിച്ച മാറ്റങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയുടേത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ ജനങ്ങൾ ചേർത്തുപിടിക്കുക തന്നെ ചെയ്യും. അത് തന്നെയായിരിക്കും വരാൻ പോകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

