ഹരിയാനയിൽ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്. മകളുടെ ഉടമസ്ഥതയിലുള്ള ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതിയതെന്ന് പിതാവ് ദീപക് യാദവ് പോലീസിന് മൊഴിനൽകി. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പിതാവ് ദീപക് യാദവ് മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ വീട്ടിൽ ഇതുസംബന്ധിച്ച് ദീപക്കും രാധിക യാദവും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നു.
രാധിക ഡബിൾസിൽ ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ റാങ്കിങ്ങിൽ 113-ാം സ്ഥാനത്താണ്. തോളിന് പരിക്കേറ്റതിനെത്തുടർന്ന് കോർട്ടിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതെയായി. ഇതോടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു ടെന്നീസ് അക്കാദമി സ്ഥാപിച്ചു. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി. ഇതിനുശേഷം നാട്ടുകാർ മകളുടെ വരുമാനത്തിൽ ജീവിക്കുന്നവൻ എന്നു പറഞ്ഞ് ആളുകൾ പിതാവിനെ പരിഹസിക്കാൻ തുടങ്ങി. പരിഹാസം കൂടി വന്നപ്പോൾ രാധികയോട് ഇയാൾ ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടു. എന്നാൽ രാധിക ഇതിന് വിസമ്മതിക്കുകയും ദിവസങ്ങളോളം ഇതുമായി ബന്ധപ്പെട്ട തർക്കം വീട്ടിൽ നടക്കുകയും ചെയ്തു . ഇതിനൊടുവിലാണ് പിതാവ് മകളെ കൊലപ്പെടുത്തിയത് എന്ന് എഫ്ഐആറിൽ പറയുന്നു.
മകൾ സ്വന്തമായി ടെന്നീസ് അക്കാദമി തുടങ്ങുകയും അതിൽനിന്ന് സ്വന്തമായി പണം സമ്പാദിക്കുകയും ചെയ്യുന്നത് തന്റെ അന്തസ്സിനെ വ്രണപ്പെടുത്തുകയും മനസ്സിനെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുകയും ചെയ്തതായി ദീപക് യാദവ് പറയുന്നു. ആ ദേഷ്യത്തിന്റെ പുറത്ത്, ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത്, മകൾ മുകൾ നിലയിലെ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ദീപക് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാധികയുടെ അരഭാഗത്താണ് വെടികൊണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

