
ശബരിമല സ്വർണ്ണ മോഷണ കേസിൽ നിർണായക പരിശോധന ഫലം എസ് ഐ ടിയ്ക്ക് ലഭിച്ചു. പാളികൾ അപ്പാടെ മാറ്റിയില്ലെന്ന് ആണ് സൂചന. ജംഷദ്പൂരിലെ ലാബിൽ സാമ്പിൾ പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. പാളികൾ മാറ്റിയില്ലെന്നും പൂശിയ സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നും ആണ് കണ്ടെത്തൽ. ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. റിപ്പോർട്ട് എസ് ഐ ടി കൊല്ലം കോടതിയിൽ സമർപ്പിച്ചു.
ALSO READ: തുറവൂരിൽ ഭൂമി കൈയേറിയത് ചോദ്യം ചെയ്തു; ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം
ശബരിമല സ്വർണ്ണ മോഷണ കേസിൽ ദ്വാരപാലക ശില്പങ്ങൾ കട്ടിളപ്പാളി എന്നിവയിൽ നിന്നും പൂർണ്ണമായും സ്വർണ്ണം മോഷണം പോയോ എന്നതിലാണ് പ്രത്യേക അന്വേഷണസംഘം പ്രധാന പരിശോധന നടത്തി വന്നത്. ഇതിൽ നിർണായക ഉത്തരം നൽകുന്ന പരിശോധന ഫലമാണ് ജംഷദ്പൂരിലെ ലാബിൽ നിന്നും ലഭിച്ചത്. സ്വർണ്ണപ്പാളികൾ പൂർണമായും മാറ്റിയിട്ടില്ലെന്നും പാളികൾക്ക് മുകളിൽ പൊതിഞ്ഞ സ്വർണം മാത്രമാണ് തട്ടിയെടുത്തത് എന്നുമാണ് പരിശോധന ഫലത്തിലൂടെ വ്യക്തമാകുന്നത്.
നാലുമാസം മുൻപാണ് സാമ്പിളുകൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. കാലപ്പഴക്കം ഉൾപ്പെടെയുള്ളവ പരിശോധിച്ചിരുന്നു. 8 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചെമ്പു പാളിക്ക് 28 വർഷത്തെ പഴക്കമുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. നേരത്തെ വി എസ് എസ് സിയിൽ സ്വർണ്ണപ്പാളികൾ പരിശോധന നടത്തിയിരുന്നു. ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.
ജംഷഡ്പൂരിലെ ലാംബൽ നടത്തിയ സാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് എസ് ഐ ടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കോടതി പരിശോധന ഫലം സമർപ്പിക്കുന്നതിന് വേണ്ടി രണ്ടാഴ്ചത്തെ സാവകാശം കൂടി നൽകിയത്. ഇനി കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

