
അന്തരിച്ച നടൻ സലിം കുമാറിനെ ഓർത്ത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ. ഒരു കാലം ഒരുമിച്ചായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. മഹാരാജാസ് കോളേജിലെ പഠനകാലത്തെ ഓർമകൾ അദ്ദേഹം പോസ്റ്റിൽ അയവിറക്കി.
പിണക്കം തോന്നിയ പല കാര്യങ്ങളുമുണ്ടെങ്കിലും എല്ലാക്കാലവും സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് അഭിമാനമാണെന്ന് ശ്രീജിത്ത് ദിവാകരൻ എഴുതി. സലിം കുമാർ മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായ നടനാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒരു കാലം ഒരുമിച്ചായിരുന്നു.
തൊണ്ണൂറുകളുടെ ആദ്യ പകുതി. മഹാരാജാസ് കോളേജ്. ബി. എ മലയാളം ക്ലാസ് . ക്ലാസിലെ സ്ഥിരം അസാന്നിധ്യമായിരുന്നു ഞങ്ങൾ. ആർട്ടിസ്റ്റായ സലിമും മാഗസിൻ എഡിറ്റർ / യു.യു.സിയായിരുന്ന ശ്രീജിത്തും. അധ്യാപകരിൽ പ്രധാനിയായിരുന്ന പ്രൊഫ.സി.ആർ ഓമനക്കുട്ടൻ എന്ന സി.ആർ ആയിരുന്നു ഞങ്ങളുടെ രണ്ട് പേരുടേയും ആശ്രയം. ക്ലാസില്ലാത്ത മണിക്കൂറുകളിൽ ഞങ്ങൾ ക്ലാസിൽ ഒത്തുകൂടിയിരുന്ന് വർത്തമാനം പറഞ്ഞു. നല്ല മൂഢാണെങ്കിൽ സലിം ഒരു ബീഡി നൽകും. പറവൂരിലേയും മാല്യങ്കരയിലേയും ഇടയ്ക്കിടെ ചെയ്യുന്ന ജോലികളുടെയും കഥ പറയും. ചിരികൾക്കിടയിൽ ജീവിത പ്രാരാബ്ധങ്ങൾ മുഴച്ച് നിൽക്കും. സിറാജും വാസുവും വിഷ്ണുവും ഉണ്ടാകും ആ ചിരികൾക്കിടയിൽ . കെ.എസ്.യുക്കാരനായിരുന്നുവെങ്കിലും ഞങ്ങൾ എസ്. എഫ് ഐക്കാരുടെ സ്വന്തമായിരുന്നു അക്കാലത്ത് സലിം.
ALSO READ: വിട… സലിം കുമാർ അന്തരിച്ചു
ഏഷ്യാനെറ്റിൽ ദിലീപ് അവതരിപ്പിച്ചിരുന്ന കോമിക്കോളയോ മറ്റോ സലിം ഏറ്റെടുക്കുമ്പോഴാണ് ചിരിയുടെ സ്കെയ്ൽ മാറുന്നത്. ഏഷ്യാനെറ്റിലെ അവതാരകർ എല്ലാം ഹാസ്യത്തിനിരയായി. ചിന്ത രവിയും ടി.എൻജിയും സലിമിലൂടെ ചിരിപ്പൂരങ്ങളായി. പിന്നെ സലിം തിരിഞ്ഞ് നോക്കിയിട്ടില്ല. സലിം കുമാർ മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായി.
കോളേജ് കാലത്തിന് ശേഷം പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യം കാണുന്നത് ഡൽഹിയിലെ കേരള ഹൗസിൽ നിന്നാണ്. അന്ന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മഹാനടന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയതാണ് സലിം. പഴയ മാഗസിൻ എഡിറ്റർ അപ്പോൾ യൂണിയൻ്റെ ഡൽഹി സെക്രട്ടറിയാണ്. പഴയ മിമിക്രി ആർട്ടിസ്റ്റ്, ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ. ഇത്രയും സന്തോഷത്തോടെ ഒരു ചടങ്ങിൽ സംസാരിച്ചിട്ടില്ല.
പിണക്കം തോന്നിയ പല കാര്യങ്ങളുമുണ്ട്. ഇവനിതെന്തിൻ്റെ പാടാണ് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ എല്ലാക്കാലവും അഭിമാനമാണ്, സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് . അപ്പോ സലാമെടാ. കാണാം.🫂 പഴയ കോളേജ് പടങ്ങൾ തപ്പിയെടുക്കാൻ മടിയാകുന്നു. ഇത് നല്ല പടമാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

