
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ (ഡിസിസി) സ്ഥിരം അധ്യക്ഷനെ നിയമിക്കുന്നതിൽ തുടരുന്ന കാലതാമസത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമാകുന്നു. നേതാക്കൾ അടക്കം പലരും പാർട്ടിയുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഇതിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം ശംഭു പാൽക്കുളങ്ങര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
മുൻപ് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കൃത്രിമമായി പ്രത്യേക സാഹചര്യം സൃഷ്ടിച്ചെടുത്ത് ആണ് പ്രസിഡന്റിനെ മാറ്റിയതെന്നും ഇതിനെ തുടർന്ന് ജില്ലയിലെ പാർട്ടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹം കുറിച്ചു.എൻ ശക്തൻ താൽക്കാലിക അധ്യക്ഷനായാണ് തുടരുന്നത്. ഇതിനു പകരം സ്ഥിരം അധ്യക്ഷനെ കണ്ടെത്താനാകാത്തതിലാണ് നേതാക്കളുടെ പ്രതിഷേധം.
സാധാരണ പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ സംഘടനാ പിന്തുണ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു ജില്ലയിൽ നിന്നുള്ള ദേശാടനപ്പക്ഷികളായ ചില നേതാക്കന്മാർ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിനെ തകർക്കുവാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഘടനാ ബോധവും സമരപാരമ്പര്യവും പ്രവർത്തനപരിചയവുമുള്ള നിരവധി നേതാക്കൾ ജില്ലയിലുണ്ടായിട്ടും സ്ഥിരം ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

