ഇല്ലേ…ഞാന്‍ ഇല്ല…..കൈയൊഴിഞ്ഞ് രാഹുല്‍; ഏറ്റെടുക്കാന്‍ ആളില്ലാതെ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് ഒരുമാസം പിന്നിട്ടിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ കോണ്‍ഗ്രസ്. മടങ്ങിവരണമെന്ന ആവശ്യം രാഹുല്‍ വീണ്ടും തള്ളി. ബുധനാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് രാഹുലിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

പകരക്കാരനെ കണ്ടത്താനായില്ലെന്ന് പാര്‍ലമെന്ററി പാര്‍ടി നേതാവ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ടിക്ക് ഒന്നടങ്കമാണെന്നും അധ്യക്ഷന്‍ മാത്രമായി കുറ്റക്കാരനാകില്ലെന്നും എംപിമാര്‍ പറഞ്ഞു. എന്നാല്‍, തീരുമാനം മാറ്റില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ അനുവദിച്ച ഒരുമാസ കാലാവധി അവസാനിച്ചതോടെ ഔദ്യോഗിക രാജി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും എന്‍എസ്യുഐയും ഡല്‍ഹിയില്‍ പ്രകടനം നടത്തി. തുഗ്ലക് ലെയ്‌നിലെ രാഹുലിന്റെ വസതിയിലേക്കായിരുന്നു പ്രകടനം.

മെയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലാണ് രാഹുല്‍ സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ചത്. ഗാന്ധി–നെഹ്‌റു കുടുംബത്തിനുപുറത്തുള്ള നേതാവാകണം അധ്യക്ഷനാകേണ്ടതെന്ന നിബന്ധനയും മുന്നോട്ടുവച്ചു.

നേതാക്കളെയോ അനുയായികളെയോ കാണാന്‍ ദിവസങ്ങളോളം കൂട്ടാക്കിയില്ല. ദൈനംദിന സംഘടനാ ചുമതലകള്‍ നിര്‍വഹിക്കുന്നതും അവസാനിപ്പിച്ചു. സുപ്രധാന കത്തുകള്‍ അധ്യക്ഷന്റെ ഒപ്പില്ലാതെയാണ് ഭാരവാഹികള്‍ക്ക് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്ത വിവിധ കമ്മറ്റികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടപടി ആലോചിക്കാന്‍ അച്ചടക്കസമിതി രൂപീകരിച്ചു.

കര്‍ണാടക പിസിസിയും യുപിയിലെ എല്ലാ ഡിസിസികളും പിരിച്ചുവിട്ടു. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ പിസിസികളില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി സംഘടനാചുമതലകള്‍ നിര്‍വഹിക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിച്ചു.

തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന നിര്‍ദേശത്തില്‍ ഒരു നടപടിയും എടുക്കാത്തതിന്റെ പ്രതിഷേധത്തിലാണ് രാഹുല്‍. കത്തുകളില്‍ ഒപ്പിടാന്‍പോലും രാഹുല്‍ തയ്യാറാകുന്നില്ല. പാര്‍ടി ഭാരവാഹികള്‍ക്ക് നല്‍കിയ കത്തില്‍ കീഴ്വഴക്കം ലംഘിച്ച് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഒപ്പിട്ടത്.

കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമാണ് അധ്യക്ഷന്‍ ഒപ്പിടാതെ ഭാരവാഹികള്‍ക്ക് കത്ത് നല്‍കുന്നത്. പാര്‍ലമെന്റില്‍ നയപ്രഖ്യാപനത്തിനിടെ പോലും മനപൂര്‍വം അലക്ഷ്യമായി പെരുമാറുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്തത്.

അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ നല്‍കിയ ഒരുമാസ കാലാവധി അവസാനിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ ഫോണില്‍ കളിച്ചും പാര്‍ലമെന്റിന്റെ ഫോട്ടോ എടുത്തുമാണ് രാഹുല്‍ സമയം കളഞ്ഞത്.

തിരുത്താന്‍ സോണിയ ഗാന്ധി ഒന്നിലേറെ തവണ ശ്രമിച്ചിട്ടും വഴങ്ങിയിരുന്നില്ല. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ നേരത്തെ വ്യക്തമാക്കി. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News