അവശ്യസാധനങ്ങളുടെ വില അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയില്ലെന്നുമാത്രമല്ല, പലതിനും വില കുറയ്ക്കാനുമായി. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഈ ഓണക്കാലത്ത് സപ്ലൈകോവഴി സാധനങ്ങളുടെ വിതരണം. പ്രളയമുള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിട്ടിട്ടും വിലക്കയറ്റമില്ലാതായത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനായതിനാലാണ്.

എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ചെറുപയറിന്റെ സപ്ലൈകോ വില 74 രൂപയാണ്. ഇപ്പോള്‍ അത് 61 രൂപയായി. 13രൂപ കുറവ്. പൊതുവിപണിയില്‍ ഏതാണ്ട് 100 രൂപയുള്ളപ്പോഴാണിത്. 2016നെ അപേക്ഷിച്ച് ഉഴുന്നിന് ആറ് രൂപയും തുവരപരിപ്പിന് ഏഴ് രൂപയും വന്‍കടലയ്ക്ക് ഒരു രൂപയും കുറഞ്ഞു.

സപ്ലൈകോ വഴിയുള്ള ചെറുപയര്‍, കടല, തുവരപ്പരിപ്പ് എന്നിവയുടെ വില ജനുവരിയില്‍ 25 മുതല്‍ 30 ശതമാനം വരെ കുറച്ചിരുന്നു. നാഫെഡ് വഴി നേരിട്ട് വാങ്ങി സംഭരിച്ചതിലൂടെയാണ് വില കുറയ്ക്കാനായത്. സബ്സിഡി സാധനങ്ങള്‍ മാസം ഒരുകിലോ വീതമാണ് നല്‍കിയിരുന്നത്. ചെറുപയറും കടലയും തുവരപ്പരിപ്പും കാര്‍ഡിന് പ്രതിമാസം രണ്ട് കിലോയാക്കി. പൊതുവിപണിയിലെ അരിവില ഉയര്‍ന്നപ്പോള്‍ അത് കുറയ്ക്കാനും സര്‍ക്കാരിനായി. കണസ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ വ്യാപകമായി സഹകരണ അരിക്കടകള്‍ വഴിയായിരുന്നു ഇത്. നെല്ല് കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ നെല്ല് സംഭരണം കാര്യക്ഷമമാക്കി.

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ് തുടങ്ങിയവ വഴി സംസ്ഥാനത്തുടനീളം ഇത്തവണയും ഓണച്ചന്തകളുണ്ട്. കണ്‍സ്യൂമര്‍ഫെഡ് 3500 ഓണച്ചന്ത തുറന്നു. സപ്ലൈകോ ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ മിനി ഫെയറുകളും ഒരുക്കി. ഹോര്‍ട്ടികോര്‍പ് കര്‍ഷകരില്‍നിന്ന് പൊതുവിപണിയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ 30 ശതമാനംവരെ വിലക്കുറവിലാണ് നല്‍കുന്നത്.