മരട് ഫ്ലാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. വിധി നടപ്പിലാക്കുന്നതിൽ വീഴ്ച ഉണ്ടായെങ്കിൽ മാപ്പ് അപേക്ഷിക്കുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

ഫ്ലാറ്റുകൾ ഒറ്റയടിക്ക് പൊളിക്കാൻ പ്രായോഗികമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 23ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി ഇളവും തേടി.

മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കികൊണ്ടാണ് 6 പേജുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നോട്ടീസ് നൽകി,പൊളിക്കലിന് ടെൻഡർ ക്ഷണിച്ചു, നഗരസഭ സെക്രട്ടറിയെ വിളിച്ച് ഉത്തരവ് നടപ്പിലാക്കാൻ ആവശ്യപ്പെട്ടു.

പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ ഐഐടി മദ്രാസിനെ ചുമതലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക പരിജ്ഞാന കുറവ്, കെട്ടിട അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുന്നതിലെ ആശയകുഴപ്പം, ജന നിബിഡമായ പ്രദേശം, ജലാശയങ്ങൾ തുടങ്ങിയ പരിമിതികൾ ഫ്ലാറ്റുകൾ ഒറ്റയടിക്ക് പൊളിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് സർക്കാർ പറയുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

വിധി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ നിരുപാധികം മാപ്പ് പറയുകയാണെന്ന് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു.

വിധി നടപ്പിലാക്കാൻ നേരിട്ട് മേൽനോട്ടം വഹിക്കുമെന്ന് ഉറപ്പ് നൽകിയ ചീഫ് സെക്രട്ടറി 23ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് വേണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സത്യവാങ്മൂലം തിങ്കളാഴ്ച കോടതി പരിഗണിക്കും. സർക്കാർ സത്യവാങ്മൂലത്തിലെ ഉള്ളടക്കം കൂടി പരിഗണിച്ചാകും കേസിൽ കോടതിയുടെ തുടർനടപടികൾ.

അതേസമയം ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.