വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയ കേസ്; ടി സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്തു

കോഴിക്കോട്‌: വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ കൂട്ടു നിന്നെന്ന പരാതിയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെ പൊലീസ്‌ ചോദ്യംചെയ്‌തു.

താമരശേരി ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ചുവരുത്തി ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു ചോദ്യംചെയ്യൽ. ഡിവൈഎസ്‌പി കെ പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലായിരുന്നു നാൽപത്‌ മിനുട്ട്‌ നീണ്ട ചോദ്യംചെയ്യൽ.

ഭൂമിതട്ടിയെടുക്കൽ, വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം, പ്രതിഫലമായി ഭൂമി സ്വന്തമാക്കിയത്‌ ഇവയെക്കുറിച്ചാണ്‌ അന്വേഷക സംഘം ചോദിച്ചറിഞ്ഞത്‌.

പൊതുപ്രവർത്തകനെന്നിലയിൽ സ്വത്തു തർക്കത്തിൽ ഇടപെട്ട്‌ സ്വന്തമായി ഭൂമി സമ്പാദിച്ചതിനെക്കുറിച്ചും ആരാഞ്ഞു.

വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെന്ന്‌ പരാതി നൽകിയ തിരുവനന്തപുരത്തെ പൊതുപ്രവർത്തകൻ എ എച്ച്‌ ഹാഫിസിൽ നിന്ന്‌ രാവിലെ പൊലീസ്‌ തെളിവെടുത്തിരുന്നു.

സിദ്ദിഖടക്കം കോൺഗ്രസ്‌ നേതാക്കൾ ട്രസ്‌റ്റ്‌ ഭൂമി തട്ടിയെടുക്കുന്നതിന്‌ കൂട്ടുനിന്നത്‌, പ്രതിഫലമായി ഭൂമി സ്വന്തമാക്കിയത്‌ ഇവക്കുള്ള തെളിവുകൾ ഹാഫിസ്‌ കൈമാറി.

രണ്ട്‌ ഒസ്യത്തുകൾ നിർമ്മിച്ചതും അതിലെ ദൂരൂഹതയും ശ്രദ്ധയിൽപ്പെടുത്തി. റിട്ട. ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ പരേതനായ ലിങ്കൺ എബ്രഹാമിന്റെ മരണത്തിൽ ദുരുഹതയുണ്ടെന്നും വലിയ ഭൂമിതട്ടിപ്പ്‌ പിന്നിലുണ്ടെന്നും ഹാഫിസ്‌ പറഞ്ഞു.

ഹാഫിസിൽ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു സിദ്ദിഖിനെ ചോദ്യംചെയ്‌തത്‌. അതേസമയം പൊലീസ്‌ വിവിരങ്ങൾ ആരായാൻ വിളിപ്പിച്ചതാണെന്നും ചോദ്യംചെയ്‌തിട്ടില്ലെന്നും സിദ്ദിഖ്‌ പ്രതികരിച്ചു.

ആദ്യഘട്ട ചോദ്യം ചെയ്യലിന്‌ തുടർച്ചയായി വീണ്ടും കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റിനെ വിളിപ്പിക്കുമെന്നാണ്‌ സൂചന. പരാതിയിൽ പറയുന്ന ഡിസിസി സെക്രട്ടറി ഹബീബ്‌തമ്പി, കെപിസിസി നിർവ്വാഹകസമിതി അംഗം എൻ കെ അബ്ദുറഹ്മാൻ എന്നീ കോൺഗ്രസ്‌ നേതാക്കളെ നേരത്തെ ചോദ്യംചെയ്‌തിരുന്നു. ഇവരെയും കൂടതൽ ചോദ്യംചെയ്യലിന്‌ വീണ്ടും വിളിപ്പിക്കും.

റിട്ട. ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ പരേതനായ ലിങ്കൺ എബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാൻ, സഹോദരൻ ഫിലോമെൻ എബ്രഹാമിന് ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണ് ടി സിദ്ദിഖടക്കം മൂന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ പരാതി.

ഇതിന്‌ ഇവർക്ക്‌ ഒരേക്കർ ഭൂമി പ്രതിഫലമായി ലഭിച്ചു. 2015 സെപ്‌തംബർ 22ന്‌ താമരശേരി സബ് രജിസ്ട്രാർ ഓഫീസിൽ ഭൂമി രജിസ്റ്റർ ചെയ്തുനൽകി.

ദേശീയപാതയിൽ താമരശേരി ചുങ്കത്തിനടുത്തായി കോടികൾ വിലമതിക്കുന്ന ഭൂമിയാണ്‌ കോൺഗ്രസ്‌ നേതാക്കൾ സ്വന്തമാക്കിയതെന്നാണ്‌ പരാതി.

ഫിലോമെന്റെ ഉറ്റ ബന്ധുവുമായുള്ള സൗഹൃദമാണ് പ്രശ്‌നത്തിൽ സിദ്ദിഖ്‌ ഇടപെടാൻ കാരണം.ഈ പ്രശ്‌നത്തിൽ ഹാഫിസ്‌ ഡിജിപിക്ക്‌ നൽകിയ പരാതി അന്വേഷിക്കാൻ വടകര റൂറൽ എസ്‌പി കെ ജി സൈമണോട്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഡിവൈഎസ്‌പി കെ പി അബ്ദുൾറസാഖിനെ ചുമതലപ്പെടുത്തിയതും അന്വേഷണം ആരംഭിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News